ന്യൂ ബ്രൺസ്വിക്ക്: കാനഡയിലെ ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യയിലെ സ്കൂളുകളിൽ പുതിയ ‘പേ-വാട്ട്-യു-കാൻ’ (pay-what-you-can) ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. ഈ പദ്ധതി പ്രകാരം വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള ചെലവ് സർക്കാരും രക്ഷിതാക്കളും തമ്മിൽ പങ്കിടും. 2026-2027 അധ്യയന വർഷത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 26 മില്യൺ ഡോളറാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പ്രവിശ്യയിലെ തിരഞ്ഞെടുത്ത ചില സ്കൂളുകളിൽ ഈ പദ്ധതി നേരത്തെ മാതൃകാടിസ്ഥാനത്തിൽ പരീക്ഷിച്ച് വിജയകരമാണെന്ന് കണ്ടെത്തിയിരുന്നതായി അധികൃതർ വ്യക്തമാക്കി.
നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ പ്രവിശ്യകളിലെ സ്കൂൾ ഉച്ചഭക്ഷണ മാതൃകകളിൽ നേരിട്ട വെല്ലുവിളികൾ വിലയിരുത്തിയാണ് ന്യൂ ബ്രൺസ്വിക്കിൽ പുതിയ മാതൃക രൂപീകരിച്ചതെന്ന് വിദ്യാഭ്യാസം, പ്രകൃതിശിശു വികസന വകുപ്പ് മന്ത്രി ക്ലെയർ ജോൺസൺ വാർത്താക്കുറിപ്പിൽ അറിയിച്ചു. എല്ലാവർക്കും ഒരേ വില നിശ്ചയിക്കുന്നതിലൂടെ പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കാനും വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക സമത്വം വളർത്താനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പുതിയ ക്രമീകരണമനുസരിച്ച് കിന്റർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ഭക്ഷണത്തിന് പ്രതിദിനം 4 ഡോളറും, ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് 5 ഡോളറുമാണ് കുടുംബങ്ങൾ നൽകേണ്ടി വരിക. ബാക്കി തുക സർക്കാർ വഹിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പൂർണ്ണമായ സബ്‌സിഡി ലഭ്യമാക്കുമെന്നും ഇതിനായി സർക്കാരിനൊപ്പം വിവിധ കമ്മ്യൂണിറ്റി സംഘടനകളുടെ ഫണ്ടുകൾ വിനിയോഗിക്കുമെന്നും അധികൃതർ അറിയിച്ചു. താല്പര്യമുള്ള കുടുംബങ്ങൾക്ക് നിശ്ചിത തുകയേക്കാൾ കൂടുതൽ സംഭാവന നൽകാനുള്ള അവസരവും പദ്ധതിയിലുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ സ്കൂളുകളിൽ ആരംഭിച്ച യൂണിവേഴ്സൽ ബ്രേക്ക്ഫാസ്റ്റ് പദ്ധതിക്കായി മൂന്ന് വർഷത്തേക്ക് 11 മില്യൺ ഡോളർ ചെലവഴിക്കാൻ ലക്ഷ്യമിടുന്നതായും സർക്കാർ അറിയിച്ചു.
New Brunswick schools to introduce ‘pay-what-you-can’ lunch program; government and families share cost
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





