ഒട്ടാവ: ലിങ്ക്ഡ്ഇൻ, ഇൻഡീഡ്, അപ്‌വർക്ക് തുടങ്ങിയ പ്രൊഫഷണൽ നെറ്റ്വർക്കിംഗ്, തൊഴിൽ സൈറ്റുകൾ വഴി ചൈന വൻതോതിൽ ചാരപ്രവർത്തനം നടത്തുന്നതായി കാനഡയ്ക്കും സഖ്യരാജ്യങ്ങൾക്കും മുന്നറിയിപ്പ്. അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്ന നിലവിലത്തെയോ മുൻകാലത്തെയോ സർക്കാർ-സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ചൈനയുടെ നീക്കമെന്ന് ആഗോള ഇന്റലിജൻസ് സഖ്യമായ ‘ഫൈവ് ഐസ്’ (Five Eyes) സംയുക്ത മുന്നറിയിപ്പിൽ വ്യക്തമാക്കി.
കാനഡയുടെ CSIS, അമേരിക്കയുടെ FBI എന്നിവയ്ക്ക് പുറമെ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുകെ എന്നീ രാജ്യങ്ങളുടെ സുരക്ഷാ ഏജൻസികൾ ചേർന്നാണ് ഈ നിർണായക മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്വകാര്യ കൺസൾട്ടൻസി സ്ഥാപനങ്ങളുടെയോ എച്ച്ആർ കമ്പനികളുടെയോ പ്രതിനിധികൾ എന്ന വ്യാജേനയാണ് ചൈനീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഉദ്യോഗാർത്ഥികളെ സമീപിക്കുന്നത്. ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ബന്ധം സ്ഥാപിച്ച ശേഷം, ഇവരിൽ നിന്നും തന്ത്രപ്രധാനമായ സൈനിക, രാഷ്ട്രീയ, സാമ്പത്തിക വിവരങ്ങൾ ചോർത്തുകയാണ് ചൈനയുടെ ലക്ഷ്യം.
മാധ്യമപ്രവർത്തകർ, ഗവേഷകർ, കൺസൾട്ടന്റുമാർ എന്നിവർക്ക് പുറമെ പ്രതിരോധ-സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്നവരും കടുത്ത നിരീക്ഷണം പുലർത്തണമെന്ന് കനേഡിയൻ സുരക്ഷാ ഏജൻസി മേധാവി ഡാൻ റോഗേഴ്സ് വ്യക്തമാക്കി. ചെറിയൊരു വിവര ചോർച്ച പോലും രാജ്യസുരക്ഷയെ ബാധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ സുരക്ഷാ മുന്നറിയിപ്പ് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ ഡാറ്റാ സുരക്ഷാ ഭീഷണിയെത്തുടർന്ന് ചൈനീസ് നിർമ്മിത ഡ്രോണുകൾ തന്ത്രപ്രധാനമായ പോലീസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കാനഡയിലെ ഒന്റാറിയോ പ്രവിശ്യ നിരോധിച്ചിട്ടുമുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada, Five Eyes warn China using online job sites in spy operation





