ഒകുടോക്സ്: ആൽബർട്ടയിൽ വൻതോതിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കൈവശം വച്ച കേസിൽ യുവാവ് അറസ്റ്റിലായി. ഒകുടോക്സ് സ്വദേശിയായ കോറി എയർഹാർട്ട് (35) എന്ന യുവാവാണ് പിടിയിലായത്. കാനഡയിലെ ഇന്റർനെറ്റ് ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ (ICE) യൂണിറ്റിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വേട്ടയാണിത്.
മേയ് 26-ന് പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിലാണ് കംപ്യൂട്ടറുകളിലും ഹാർഡ് ഡിസ്കുകളിലുമായി സൂക്ഷിച്ചിരുന്ന 5 ലക്ഷത്തിലധികം (500,000) ദൃശ്യങ്ങൾ കണ്ടെടുത്തത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആൽബർട്ട പ്രവിശ്യയിൽ നിന്ന് ആകെ പിടിച്ചെടുത്ത ദൃശ്യങ്ങളുടെ എണ്ണത്തിന് (622,150) ഏതാണ്ട് തുല്യമായ അളവിലാണ് ഈ ഒരു വീട്ടിൽ നിന്ന് മാത്രം പോലീസ് കണ്ടെടുത്തത്.
ഈ ചിത്രങ്ങളിലും വീഡിയോകളിലുമുള്ളത് ലോകത്തിന്റെ ഏതോ കോണിലിരുന്ന് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായ യഥാർത്ഥ കുട്ടികളാണെന്നും, ഇത്രയും വലിയൊരു ശേഖരം മറ്റുള്ളവർക്ക് കൈമാറാനും വിപണനം നടത്താനുമായി സൂക്ഷിച്ചതാകാനാണ് സാധ്യതയെന്നും ഐ.സി.ഇ സ്റ്റാഫ് സർജന്റ് ഗോർഡൻ മക്ഡൊണാൾഡ് വ്യക്തമാക്കി.
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ കൈവശം വെയ്ക്കൽ, അവ ഡൗൺലോഡ് ചെയ്യൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ ജാമ്യത്തിൽ ഇറങ്ങിയിരിക്കുന്ന കോറി എയർഹാർട്ടിനെ ആഗസ്റ്റ് 8-ന് കോടതിയിൽ ഹാജരാക്കും. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ പ്രാദേശിക പോലീസുമായോ ക്രൈം സ്റ്റോപ്പേഴ്സുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Alberta man charged after 500,000 child abuse images, videos found
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





