ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ആൻഡ് ഹാമിൽട്ടൺ ഏരിയയിൽ (GTHA) പൊതുജനാരോഗ്യവും സാമ്പത്തിക ഭദ്രതയും മുൻനിർത്തി വൻതോതിലുള്ള സോഷ്യൽ ഹൗസിംഗ് (സാമൂഹിക ഭവന പദ്ധതി) നിർമാണത്തിന് ശുപാർശ. 2050-ഓടെ മേഖലയിൽ പുതുതായി 22,000 സോഷ്യൽ ഹൗസിംഗ് യൂണിറ്റുകൾ നിർമിക്കുന്നത് വഴി 50 ബില്യൺ ഡോളറിന്റെ ജി.ഡി.പി വളർച്ചയും പ്രതിവർഷം 15,000 മുഴുവൻ സമയ തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ജി.ടി.എച്ച്.എയിലെ പ്രമുഖരായ ആറ് സോഷ്യൽ ഹൗസിംഗ് ദാതാക്കളുടെ കൂട്ടായ്മ ആവശ്യപ്പെട്ടതനുസരിച്ച് തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
കനേഡിയൻ സെന്റർ ഫോർ ഇക്കണോമിക് അനാലിസിസ് തയാറാക്കിയ ‘പബ്ലിക് ഹൗസിംഗ് ഡിവിഡന്റ് റിപ്പോർട്ട്’ പ്രകാരം, പുതിയ വീടുകളുടെ നിർമാണവും നിലവിലുള്ളവയുടെ നവീകരണവും വഴി അടുത്ത 25 വർഷത്തിനുള്ളിൽ വിവിധ പൊതുമേഖലകളിൽ നിന്നായി 4.2 ബില്യൺ ഡോളറിന്റെ ലാഭമുണ്ടാക്കാൻ സാധിക്കും. ജനങ്ങളുടെ പാർപ്പിട സൗകര്യം മെച്ചപ്പെടുന്നതോടെ ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും തടവുകാരുടെ എണ്ണത്തിലും കുറവുണ്ടാകും. ഇത് വഴി ആരോഗ്യ, നീതിന്യായ മേഖലകളിൽ മാത്രം 1.8 ബില്യൺ ഡോളറിന്റെ ചിലവ് ഒഴിവാക്കാൻ സർക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
പദ്ധതി യാഥാർത്ഥ്യമാക്കാൻ 19.3 ബില്യൺ ഡോളറിന്റെ അധിക ധനസഹായം ആവശ്യമാണെങ്കിലും, അടുത്ത കാൽ നൂറ്റാണ്ടിനുള്ളിൽ നികുതി ഇനത്തിൽ മാത്രം 12.7 ബില്യൺ ഡോളർ തിരികെ ലഭിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. നിലവിലുള്ള ഫണ്ടിംഗ് രീതികൾ, പുനരുദ്ധാരണം, പുതിയ നിർമാണങ്ങൾ എന്നിവയുൾപ്പെടെ അഞ്ച് വ്യത്യസ്ത മാതൃകകൾ പരിശോധിച്ച ശേഷമാണ് പുതിയ നിർമാണവും നിലവിലുള്ളവയുടെ നവീകരണവും ഒന്നിച്ച് കൊണ്ടുപോകുന്ന ‘കമ്പോസിറ്റ്’ രീതിയാണ് ഏറ്റവും അനുയോജ്യമെന്ന് ഗവേഷകർ കണ്ടെത്തിയത്. ഇത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ കരുത്താകും.
നിലവിൽ ജി.ടി.എച്ച്.എ മേഖലയിലുള്ള 80,000 സോഷ്യൽ ഹൗസിംഗ് യൂണിറ്റുകളിലായി 1,60,000 ആളുകളാണ് താമസിക്കുന്നത്. പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ മൊത്തം വീടുകളുടെ എണ്ണം 1,02,500 ആയി ഉയരുകയും 2,39,500 പേർക്ക് സുരക്ഷിതമായ പാർപ്പിടം ഉറപ്പാകുകയും ചെയ്യും. സുരക്ഷിതത്വം, ആരോഗ്യം, മികച്ച ജീവിതസാഹചര്യം എന്നിവയിലൂടെ 44.2 ബില്യൺ ഡോളറിന്റെ സാമൂഹിക മൂല്യം സൃഷ്ടിക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഭവന നിർമാണ മേഖലയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും തമ്മിൽ എത്രത്തോളം അടുത്തുനിൽക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ടെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രി ഇവാൻ സോളമൻ പറഞ്ഞു. പൊതുഭവന പദ്ധതികളിൽ നിക്ഷേപം ഇറക്കുന്നത് വഴി അതിന്റെ ഗുണഫലങ്ങൾ അവിടെ താമസിക്കുന്നവർക്ക് മാത്രമല്ല, സമൂഹത്തിന് ഒട്ടാകെ ലഭിക്കുമെന്നതിന് തെളിവാണ് ഈ പഠനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ടിനെ സ്വാഗതം ചെയ്ത് ടൊറന്റോ മേയർ ഒലീവിയ ചൗവും രംഗത്തെത്തി. പൊതുഭവന മേഖലയിലെ നിക്ഷേപം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ പണം ലാഭിക്കുന്നതിനും സഹായിക്കുമെന്ന് അവർ പറഞ്ഞു. കൂടുതൽ സുരക്ഷിതവും കരുതലുമുള്ളൊരു ടൊറന്റോ നഗരത്തെ കെട്ടിപ്പടുക്കാൻ ജനങ്ങളിലുള്ള ഇത്തരം നിക്ഷേപങ്ങൾ അനിവാര്യമാണെന്നും മേയർ വ്യക്തമാക്കി.
Massive housing project coming to Canada; $50 billion economic growth and tens of thousands of jobs
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





