ഒട്ടാവ: ഈ വർഷത്തെ ഏറ്റവും വലിയ നിയമ-നിയന്ത്രണ പരിഷ്കാരങ്ങൾക്കാണ് 2026 ജൂൺ മാസത്തിൽ കാനഡ സാക്ഷ്യം വഹിക്കുന്നത്. ടാക്സ് നിയമങ്ങൾ, കുറഞ്ഞ ശമ്പളം, കുട്ടികളുടെ ആരോഗ്യ സംരക്ഷണം, യാത്രാ ഇളവുകൾ തുടങ്ങി എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന 10 പ്രധാന മാറ്റങ്ങളാണ് ഈ മാസം മുതൽ രാജ്യത്ത് നടപ്പിലാകുന്നത്.
- ബി.സിയിൽ കുറഞ്ഞ വേതനം വർദ്ധിപ്പിച്ചു
ബ്രിട്ടീഷ് കൊളംബിയ (B.C.) പ്രവിശ്യയിലെ കുറഞ്ഞ വേതനം മണിക്കൂറിന് 18.25 ഡോളറായി വർദ്ധിപ്പിച്ചു. ഇതോടെ കാനഡയിൽ ഏറ്റവും ഉയർന്ന വേതനം നൽകുന്ന പ്രവിശ്യയായി ബി.സി മാറി. ബാങ്കുകൾ, ടെലികോം, എയർലൈൻസ് തുടങ്ങിയ ഫെഡറൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഈ വർദ്ധനവ് ബാധകമാണ്.
- 533 ഡോളർ വരെ ഒറ്റത്തവണ ധനസഹായം
പുതിയ ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ്’ പദ്ധതിയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി, അർഹരായ 1.2 കോടിയിലധികം കനേഡിയൻമാർക്ക് ജൂൺ 5 മുതൽ 533 ഡോളർ വരെ ഒറ്റത്തവണ സി.ആർ.എ (CRA) ടോപ്പ്-അപ്പ് പേയ്മെന്റ് ലഭിക്കും.
- കുട്ടികളുടെ മെലറ്റോണിൻ ഗുളികകൾക്ക് ഇനി പ്രിസ്ക്രിപ്ഷൻ നിർബന്ധം
കുട്ടികളുടെ ഉറക്കക്കുറവിനായി ഉപയോഗിക്കുന്ന മെലറ്റോണിൻ ഉൽപ്പന്നങ്ങൾക്ക് ജൂൺ 2 മുതൽ കടുത്ത നിയന്ത്രണം വരും. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടറുടെ കുറിപ്പടി (Prescription) ഉണ്ടെങ്കിൽ മാത്രമേ ഇനി ഫാർമസികളിൽ നിന്ന് മെലറ്റോണിൻ ലഭിക്കൂ. എന്നാൽ മുതിർന്നവർക്കുള്ള ഉൽപ്പന്നങ്ങൾക്ക് ഇത് ബാധകമല്ല.
- ‘കാനഡ സ്ട്രോങ് പാസ്’ വഴിയുള്ള വലിയ ഇളവുകൾ
ജൂൺ 19 മുതൽ സെപ്റ്റംബർ 7 വരെ കാനഡയിലെ എല്ലാ നാഷണൽ പാർക്കുകളിലും സൗജന്യ പ്രവേശനം അനുവദിക്കും. കൂടാതെ ക്യാമ്പിംഗിനും ട്രെയിൻ യാത്രകൾക്കും വലിയ ഡിസ്കൗണ്ടുകളും ലഭിക്കും. ഇതിനായി പ്രത്യേകം പാസുകൾ എടുക്കേണ്ടതില്ല, വിനോദസഞ്ചാരികൾക്കും ഈ ആനുകൂല്യം ലഭിക്കും.
- സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ടാക്സ് ഫയലിംഗ് കാലാവധി
സ്വയം തൊഴിൽ ചെയ്യുന്ന കനേഡിയൻമാർക്ക് അവരുടെ 2025-ലെ വരുമാന നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 15 ആണ്. വൈകി ഫയൽ ചെയ്യുന്നവർക്ക് വലിയ പിഴ ഈടാക്കും.
- വൻകിട കമ്പനികൾക്ക് ഗ്ലോബൽ മിനിമം ടാക്സ്
750 മില്യൺ യൂറോയിലധികം വരുമാനമുള്ള ആഗോള കമ്പനികൾക്കുള്ള ആദ്യത്തെ ഗ്ലോബൽ മിനിമം ടാക്സ് ഫയലിംഗ് ജൂൺ 30-നകം പൂർത്തിയാക്കണം. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് പ്രതിമാസം 25,000 ഡോളർ മുതൽ 10 ലക്ഷം ഡോളർ വരെ പിഴ ചുമത്തും.
- വാടക വരുമാനത്തിനുള്ള ടാക്സ് നിയമം
കാനഡയിൽ പ്രോപ്പർട്ടിയുള്ളതും എന്നാൽ കാനഡയ്ക്ക് പുറത്ത് താമസിക്കുന്നതുമായ നോൺ-റെസിഡന്റുകൾ സെക്ഷൻ 216 പ്രകാരമുള്ള ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 ആണ്.
- തിമിംഗലങ്ങളെ സംരക്ഷിക്കാൻ ബോട്ടുകൾക്ക് കടുത്ത നിയന്ത്രണം:
ബ്രിട്ടീഷ് കൊളംബിയ തീരക്കടലിലെ തിമിംഗലങ്ങളെ (Killer Whales) സംരക്ഷിക്കുന്നതിനായി ബോട്ടുകൾ ഇനിമുതൽ 1000 മീറ്റർ അകലം പാലിക്കണം. ചില പ്രത്യേക മേഖലകളിൽ ബോട്ടുകളുടെ വേഗത 10 നോട്ട്സ് ആയി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
- കപ്പലുകളിൽ അഗ്നിസുരക്ഷാ പരിശോധന കർശനമാക്കുന്നു
ട്രാൻസ്പോർട്ട് കാനഡയുടെ നേതൃത്വത്തിൽ ജൂൺ 1 മുതൽ സെപ്റ്റംബർ 1 വരെ കപ്പലുകളിലും വലിയ ബോട്ടുകളിലും വിപുലമായ അഗ്നിസുരക്ഷാ പരിശോധനകൾ നടക്കും.
- കർഷകർക്കുള്ള അഗ്രി-സ്റ്റെബിലിറ്റി അപേക്ഷാ തീയതി മാറ്റി
കാനഡയിലെ കർഷകർ അവരുടെ അഗ്രി-സ്റ്റെബിലിറ്റി, അഗ്രി-ഇൻവെസ്റ്റ് ഫോമുകൾ സമർപ്പിക്കേണ്ട തീയതി സെപ്റ്റംബറിൽ നിന്നും ജൂൺ 30-ലേക്ക് മാറ്റിയിട്ടുണ്ട്. വൈകുന്നവർക്ക് വലിയ തുക ആനുകൂല്യങ്ങളിൽ കുറവുണ്ടാകും.
പൊതുജനങ്ങൾ തങ്ങൾക്ക് ബാധകമായ നിയമങ്ങൾ കൃത്യമായി മനസ്സിലാക്കി പിഴകൾ ഒഴിവാക്കണമെന്ന് കനേഡിയൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
10 New Canada Laws And Rules Taking Effect In June 2026
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





