വാൻകൂവർ: കടുത്ത പോരാട്ടത്തിനൊടുവിൽ ബ്രിട്ടീഷ് കൊളംബിയ (B.C.) കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവായി മുൻ എം.പിയും മുൻ ഫെഡറൽ മന്ത്രിയുമായ കേരി-ലിൻ ഫിൻഡ്‌ലെ തെരഞ്ഞെടുക്കപ്പെട്ടു. വാൻകൂവറിലെ റോക്കി മൗണ്ടനിയർ സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരം നടന്ന ലീഡർഷിപ്പ് കൺവെൻഷനിലെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് ഫിൻഡ്‌ലെയുടെ അട്ടിമറി വിജയം. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ വോട്ടെടുപ്പിൽ 51 ശതമാനം വോട്ടുകൾ നേടിയാണ് ഫിൻഡ്‌ലെ പാർട്ടി അമരത്തേക്ക് എത്തിയത്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകയായ കരോലിൻ എലിയറ്റിനെയാണ് (49% വോട്ട്) അവർ പരാജയപ്പെടുത്തിയത്.
വിജയത്തിന് ശേഷം അണികളെ അഭിസംബോധന ചെയ്ത കേരി-ലിൻ ഫിൻഡ്‌ലെ വൈകാരികമായാണ് സംസാരിച്ചത്. ബ്രിട്ടീഷ് കൊളംബിയയുടെ ഭാവിക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് അവർ പ്രഖ്യാപിച്ചു. നിലവിലെ കൺസർവേറ്റീവ് എം.എൽ.എയായ ഭർത്താവ് ബ്രെന്റ് ചാപ്മാനും ഫിൻഡ്‌ലെയുടെ വിജയത്തിന് സാക്ഷ്യം വഹിക്കാൻ ചടങ്ങിൽ എത്തിയിരുന്നു.
പാർട്ടിക്കുള്ളിലെ ‘ലിബറൽ’ സ്വാധീനത്തിനെതിരെ തീവ്ര കൺസർവേറ്റീവ് നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് ഫിൻഡ്‌ലെ പ്രചാരണം നയിച്ചത്. എന്നാൽ, സഹപ്രവർത്തകനും ലീഡർഷിപ്പ് സ്ഥാനാർത്ഥിയുമായ പീറ്റർ മിലോബാറിന്റെ ഭാര്യ തദ്ദേശീയ വംശജയാണെന്നും (Indigenous), അതിനാൽ ആദിവാസി പുനരധിവാസ വിഷയങ്ങളിൽ അദ്ദേഹത്തിന് വ്യക്തിപരമായ താല്പര്യങ്ങളുണ്ടെന്നുമുള്ള ഫിൻഡ്‌ലെയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആദ്യ റൗണ്ടുകളിൽ മത്സരിച്ച ഐൻ ബ്ലാക്ക്, യുരി ഫുൾമർ, പീറ്റർ മിലോബാർ എന്നിവർ വോട്ടുകൾ കുറഞ്ഞതിനെ തുടർന്ന് തുടർച്ചയായി പുറത്താവുകയായിരുന്നു. തുടർന്നാണ് അവസാന റൗണ്ടിൽ കരോലിൻ എലിയറ്റിനെ മറികടന്ന് ഫിൻഡ്‌ലെ പാർട്ടി നേതൃത്വത്തിലേക്ക് ഉയർന്നത്.
Former MP Kerry-Lynne Findlay elected leader of B.C. Conservatives
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





