ഒട്ടാവ: കാനഡയിലും അമേരിക്കയിലും തക്കാളി വിലയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. കാനഡയിൽ കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് വിലയിൽ 21 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. ഉപഭോക്തൃ വില സൂചിക (CPI) പ്രകാരം നിലവിൽ ലഭ്യമായ ഭക്ഷ്യവസ്തുക്കളിൽ ഏറ്റവും ഉയർന്ന വാർഷിക വിലക്കയറ്റമാണിത്. അമേരിക്കയിൽ തക്കാളി വിലയിൽ ഏകദേശം 40 ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിസന്ധിയെത്തുടർന്ന് കാനഡയിലെ പല പ്രമുഖ റെസ്റ്റോറന്റുകളും തങ്ങളുടെ വിഭവങ്ങളിൽ നിന്ന് തക്കാളി താൽക്കാലികമായി ഒഴിവാക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
പ്രതികൂല കാലാവസ്ഥയും പുതിയ അന്താരാഷ്ട്ര വ്യാപാര നയങ്ങളുമാണ് തക്കാളി വില നിയന്ത്രണാതീതമായി ഉയരാൻ കാരണമായതെന്ന് സാമ്പത്തിക കാർഷിക വിദഗ്ധർ വിലയിരുത്തുന്നു. കാനഡയിലേക്ക് പ്രധാനമായും തക്കാളി എത്തുന്ന ഫ്ലോറിഡയിലെ കടുത്ത മഞ്ഞുവീഴ്ചയും മെക്സിക്കോയിലെ കനത്ത മഴയുമാണ് ഉത്പാദനം തകരാറിലാക്കിയത്. ഇതിനുപുറമേ, മെക്സിക്കൻ തക്കാളികൾക്ക് അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവയും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളെത്തുടർന്ന് വിപണിയിലുണ്ടായ ഇന്ധന-വള വിലവർദ്ധനവും വിതരണ ശൃംഖലയെ പൂർണ്ണമായി തകിടം മറിച്ചു. കാനഡയിലെ ആഭ്യന്തര ഹരിതഗൃഹ (Greenhouse) ഉത്പാദനത്തിൽ ഉണ്ടായ കുറവും പ്രതിസന്ധി രൂക്ഷമാക്കി.
നിലവിലെ കണക്കുകൾ പ്രകാരം കാനഡയിലെ പ്രധാന നഗരങ്ങളിൽ ഒരു കിലോഗ്രാം തക്കാളിയുടെ ശരാശരി വില 6.10 ഡോളർ മുതൽ 7.04 ഡോളർ വരെയാണ്. മുൻവർഷത്തെക്കാൾ കിലോഗ്രാമിന് ഒരു ഡോളറിലധികം വർദ്ധനവാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ചില പ്രത്യേകയിനം തക്കാളികൾക്ക് വിപണിയിൽ 8.80 ഡോളർ വരെ ഈടാക്കുന്നുണ്ട്. വൻതോതിലുള്ള ഈ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതച്ചെലവിനെ നേരിട്ട് ബാധിച്ചതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ, വരാനിരിക്കുന്ന വേനൽക്കാലാവസാനത്തോടെ കാനഡയിലെ ആഭ്യന്തര വിളവെടുപ്പ് ആരംഭിക്കുന്നതോടെ വില സാധാരണ നിലയിലാകുമെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Tomatoes 'out' of dishes; Restaurants unable to afford price hike, consumers in crisis





