വാൻകൂവർ : ബ്രിട്ടീഷ് കൊളംബിയയിലെ (ബി.സി.) അബോട്ട്സ്ഫോർഡ് പൊലീസ് സേനയ്ക്ക് ലാവ്രൻസ് ബിഷ്ണോയ് ഗുണ്ടാസംഘം കത്തയച്ചിരുന്നതായി ഔദ്യോഗിക റിപ്പോർട്ട്. കാനഡയിലുടനീളം തങ്ങൾക്ക് ആയിരത്തിലധികം സായുധരായ അനുയായികൾ ഉണ്ടെന്നും പണം തട്ടൽ പ്രവർത്തനങ്ങൾക്ക് ഇവർ സജ്ജരാണെന്നും കത്തിൽ അവകാശപ്പെടുന്നു. ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡിന് മുൻപിൽ എഡ്മന്റൺ പൊലീസ് സർവീസിലെ കോൺസ്റ്റബിൾ കെവിൻ സെന്റ് ലൂയിസ് നൽകിയ സാക്ഷ്യപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്. 2025 ഓഗസ്റ്റിൽ ലഭിച്ച കത്തിന്റെ വിവരങ്ങൾ കാനഡയിലുടനീളമുള്ള മറ്റ് പൊലീസ് സേനകളുമായി പങ്കുവെച്ചിരുന്നതായി അബോട്ട്സ്ഫോർഡ് പൊലീസ് വക്താവ് സർജന്റ് പോൾ വാക്കർ സ്ഥിരീകരിച്ചു.
സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് ഇന്ത്യൻ പൗരനായ ജഷൻദീപ് സിങ്ങിനെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട അഡ്മിസിബിലിറ്റി ഹിയറിങ്ങിലാണ് ഡിറ്റക്ടീവ് സെന്റ് ലൂയിസ് തെളിവ് നൽകിയത്. കാനഡയിൽ ഒന്റാരിയോ, ആൽബർട്ട, ബി.സി. പ്രവിശ്യകൾ കേന്ദ്രീകരിച്ച് നടക്കുന്ന വ്യാപകമായ പണം തട്ടൽ ശൃംഖലയെക്കുറിച്ചുള്ള ‘പ്രൊജക്റ്റ് ഗാർട്ടർ’ (പ്രൊജക്റ്റ് അൽ-എക്സ്റ്റോർഷൻ) അന്വേഷണത്തിന്റെ മുഖ്യ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഈ സംഘം ഇന്ത്യയിലെ ജയിലിൽ കഴിയുന്ന ലാവ്രൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ളതാണെന്ന് പൊലീസ് ആദ്യം വിലയിരുത്തിയിരുന്നു. എന്നാൽ പിന്നീട് ഈ ക്രിമിനൽ സംഘത്തിൽ ഭിന്നതകൾ ഉണ്ടായതായും നിലവിൽ വ്യത്യസ്ത ഗ്രൂപ്പുകളാണ് ഒരേ രീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്പന്നരായ ദക്ഷിണേഷ്യൻ ബിസിനസുകാരെ ലക്ഷ്യമിട്ടാണ് ഈ സംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തി. പണം ആവശ്യപ്പെടുകയും നിരസിക്കുന്നവരുടെ സ്ഥാപനങ്ങൾക്ക് നേരെ വെടിയുതിർക്കുകയുമാണ് ഇവരുടെ രീതി.
വാട്സ്ആപ്പ് സന്ദേശങ്ങളും ഫോൺ കോളുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലാവ്രൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ, ജോറ സിദ്ധു എന്നിവരുടെ പേരുകളാണ് നേതൃത്വ നിരയിലുള്ളതായി ഉയർന്നുവന്നിട്ടുള്ളത്. കാനഡയിൽ അക്രമങ്ങൾ നടത്തുന്ന താഴെത്തട്ടിലുള്ളവർ താൽക്കാലിക വിദേശ തൊഴിലാളികളോ സ്റ്റുഡന്റ് വിസയിൽ എത്തിയവരോ ആണെന്നും ഇവർക്ക് വളരെ ചെറിയ തുകയാണ് ലഭിക്കുന്നതെന്നും പൊലീസ് അറിയിച്ചു. വിവിധ പ്രവിശ്യകളിൽ കുറ്റകൃത്യങ്ങൾക്കായി ഒരേ ആയുധം തന്നെ മാറിമാറി ഉപയോഗിക്കുന്നത് അന്വേഷണത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
നിലവിൽ ജഷൻദീപ് സിങ്ങിനെതിരെ നേരിട്ട് പണം തട്ടൽ കേസുകളോ വെടിവെപ്പ് കേസുകളോ സ്ഥിരീകരിച്ചിട്ടില്ലെന്നും ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്നും ക്രോസ് വിസ്താരത്തിൽ സെന്റ് ലൂയിസ് സമ്മതിച്ചു. എന്നാൽ മുൻപ് നാടുകടത്തപ്പെട്ട അർഷ്ദീപ് സിങ് എന്ന മറ്റൊരു പ്രതിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ആയുധങ്ങൾ കൈവശം വെച്ച ദൃശ്യങ്ങൾ ഫോണിൽ നിന്ന് ലഭിച്ചതായും പൊലീസ് വാദിച്ചു. നിലവിൽ രാജ്യവ്യാപകമായി അന്വേഷണം പുരോഗമിക്കുകയാണ്. കാനഡയിലെ കുടിയേറ്റ നിയമപ്രകാരം നാടുകടത്തൽ നടപടികൾക്ക് ക്രിമിനൽ കോടതികളിലെപ്പോലെ കുറ്റം സംശയരഹിതമായി തെളിയിക്കേണ്ടതില്ല, മറിച്ച് ന്യായമായ കാരണങ്ങൾ ബോധ്യപ്പെടുത്തിയാൽ മതിയാകും.
Bishnoi group sends letter claiming to have 1,000 armed members in Canada, report reveals
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




