ടൊറന്റോ: ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘യു.എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട്’ പുറത്തുവിട്ട ഏറ്റവും പുതിയ 2026-ലെ റാങ്കിങ്ങിൽ കാനഡ 19-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചിരവൈരികളായ അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ഇപ്പോൾ കാനഡയുടെ സ്ഥാനം. സ്വിറ്റ്സർലൻഡ് ആണ് പട്ടികയിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ യഥാക്രമം രണ്ടും നാലും സ്ഥാനങ്ങളിലായിരുന്ന കാനഡ പെട്ടെന്ന് 19-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
എന്നാൽ കാനഡയുടെ ഗുണനിലവാരം തകർന്നതുകൊണ്ടല്ല, മറിച്ച് റാങ്കിങ് നിശ്ചയിക്കുന്ന രീതി പൂർണ്ണമായും മാറ്റിയതുകൊണ്ടാണ് ഈ മാറ്റമെന്ന് യു.എസ്. ന്യൂസ് അധികൃതർ വ്യക്തമാക്കുന്നു. മുൻവർഷങ്ങളിൽ ആളുകളുടെ പൊതുവായ അഭിപ്രായ സർവേകളെ അടിസ്ഥാനമാക്കിയായിരുന്നു റാങ്കിങ് എങ്കിൽ, ഇത്തവണ ഐക്യരാഷ്ട്രസഭയും ഒ.ഇ.സി.ഡിയും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ചാണ് പട്ടിക തയ്യാറാക്കിയത്. വെറും പ്രശസ്തിക്ക് പകരം രാജ്യങ്ങളിലെ ഇന്നത്തെ കൺമുന്നിലെ യാഥാർത്ഥ്യത്തെയാണ് പുതിയ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
സാംസ്കാരിക വൈവിധ്യത്തിലും ടൂറിസത്തിലും എട്ടാം സ്ഥാനം നേടി കാനഡ മികച്ച പ്രകടനം കാഴ്ചവെച്ചു. 1971 മുതൽ രാജ്യം പിന്തുടരുന്ന ബഹുസംസ്കാര നയം ഇതിന് കരുത്തേകുന്നുണ്ട്. മികച്ച ഭരണനിർവഹണത്തിലും രാജ്യത്തെ സുസ്ഥിരതയിലും കാനഡ പതിനെട്ടാം സ്ഥാനത്താണ്. എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിൽ കാനഡയ്ക്ക് പൂർണ്ണ മാർക്കുമുണ്ട്. എന്നാൽ രാജ്യത്ത് ആവശ്യത്തിന് ഡോക്ടർമാരും ഹോസ്പിറ്റൽ ബെഡുകളും ഇല്ലാത്തത് ആരോഗ്യമേഖലയിലെ റാങ്കിങ് 27 ലേക്ക് ചുരുങ്ങാൻ കാരണമായി.
ടൊറന്റോ, വാൻകൂവർ തുടങ്ങിയ വൻനഗരങ്ങൾക്ക് പുറമെ ഒട്ടാവ, മോൺട്രിയൽ തുടങ്ങിയ ഇടങ്ങളിലും ഭവനവിലയും ജീവിതച്ചെലവും സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തവിധം ഉയർന്നത് കാനഡയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും ഭവനക്ഷാമം പരിഹരിക്കുന്നതിനുമായി 2026-ൽ കാനഡ തങ്ങളുടെ എമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുകയും താൽക്കാലിക തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും എണ്ണം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
കാനഡയ്ക്ക് ഏറ്റവും വലിയ പ്രഹരമേറ്റത് പരിസ്ഥിതി വിഭാഗത്തിലാണ്. വായുവിന്റെ ഗുണനിലവാരം മികച്ചതാണെങ്കിലും ജൈവവൈവിധ്യ സംരക്ഷണത്തിലെ കുറവുകളും കാർബൺ പുറന്തള്ളലും കാനഡയെ ഈ വിഭാഗത്തിൽ 63-ാം സ്ഥാനത്തേക്ക് പിന്തള്ളി. ഇത്തവണത്തെ റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളാണ് കൈയടക്കിയത്. സ്വിറ്റ്സർലൻഡിന് പുറമെ ഡെന്മാർക്ക്, സ്വീഡൻ, ജർമ്മനി, നെതർലൻഡ്സ്, നോർവേ, യുകെ, ഫിൻലൻഡ്, ലക്സംബർഗ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചത്.
Canada dropped in the world’s best countries list
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





