ടൊറന്റോ: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാൻ കാനഡയിലേക്ക് എത്തുന്ന ആരാധകർക്ക് കർശന നിർദേശങ്ങളുമായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). ജൂൺ 11 മുതൽ ജൂലൈ 19 വരെ കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിനായി വാങ്കൂവർ, ടൊറന്റോ നഗരങ്ങളിലേക്ക് ആയിരക്കണക്കിന് ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കാനഡയിലേക്ക് പ്രവേശിക്കാൻ ലോകകപ്പ് ടിക്കറ്റുകൾ മാത്രം പോരെന്നും, കൃത്യമായ യാത്രാ രേഖകൾ അതിർത്തിയിൽ ഹാജരാക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഓൺലൈൻ വഴി പ്രചരിക്കുന്നതുപോലെ ലോകകപ്പിനായി പ്രത്യേക ‘ഫിഫ വിസയോ’ പാസ്‌പോർട്ടോ നിലവിലില്ലെന്ന് അതിർത്തി സുരക്ഷാ ഏജൻസി ഔദ്യോഗികമായി അറിയിച്ചു. കാനഡയിൽ എത്തുന്നവർ സ്വന്തം രാജ്യത്തിന്റെ പാസ്‌പോർട്ടിനൊപ്പം ആവശ്യമായ വിസ അല്ലെങ്കിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA) എന്നിവ കരുതണം. അമേരിക്കൻ പൗരന്മാർക്ക് പാസ്‌പോർട്ട് കൂടാതെ ജനന സർട്ടിഫിക്കറ്റ്, എൻഹാൻസ്ഡ് ഡ്രൈവർ ലൈസൻസ് തുടങ്ങിയ രേഖകൾ ഉപയോഗിക്കാം. സ്വന്തം കുട്ടികളല്ലാത്തവരുമായി യാത്ര ചെയ്യുന്നവർ അവരുടെ മാതാപിതാക്കളുടെ സമ്മതപത്രവും കരുതേണ്ടതുണ്ട്.
മധ്യ ആഫ്രിക്കയിൽ എബോള രോഗം പടരുന്ന പശ്ചാത്തലത്തിൽ കാനഡയിൽ യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലികമായി വിസകൾ നൽകുന്നത് നിർത്തിവച്ചതായി ആരോഗ്യ മന്ത്രി മർജോറി മിഷെൽ അറിയിച്ചു. അതിർത്തികളിൽ സാധാരണയേക്കാൾ കൂടുതൽ സമയമെടുത്ത് കർശന പരിശോധനകൾ ഉണ്ടാകുമെന്നും, അതിനാൽ യാത്രക്കാർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തണമെന്നും ട്രാവൽ കൺസൾട്ടന്റുമാർ നിർദേശിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
CBSA issues strict warning to football fans not to travel to Canada assuming they have a ticket





