ഒട്ടാവ: കാനഡയിൽ വ്യാപകമായ പണം തട്ടിയെടുക്കൽ ഭീഷണിക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഇന്ത്യ ആസ്ഥാനമായുള്ള ലോറൻസ് ബിഷ്‌നോയ് സംഘത്തിന് രാജ്യത്തുടനീളം ആയിരത്തിലധികം ഷൂട്ടർമാരുണ്ടെന്ന് റിപ്പോർട്ട്. ബിസിനസ്സുകാരെയും സാധാരണക്കാരെയും പേടിപ്പിച്ചു പണം തട്ടുന്ന ഈ ക്രിമിനൽ സംഘം, കാനഡയിൽ എവിടെ വേണമെങ്കിലും ആക്രമണം നടത്താൻ തങ്ങളുടെ ഷൂട്ടർമാർ റെഡിയാണെന്നാണ് ഇപ്പോൾ അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം ബ്രിട്ടീഷ് കൊളംബിയയിലെ പോലീസ് സ്റ്റേഷനിലേക്ക് ഭീകരസംഘം നേരിട്ട് അയച്ച കത്തിലാണ് ഈ ഞെട്ടിക്കുന്ന അവകാശവാദമുള്ളതെന്ന് കനേഡിയൻ പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആഭ്യന്തര ടാസ്ക് ഫോഴ്സായ ഓപ്പറേഷൻ കമ്മ്യൂണിറ്റി ഷീൽഡ് കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് സർജൻറ് പോൾ വാക്കർ അറിയിച്ചു.
പ്രധാനമായും സ്റ്റുഡന്റ് വിസയിലും താൽക്കാലിക വിദേശ തൊഴിലാളി പെർമിറ്റിലും കാനഡയിലെത്തുന്ന ഇന്ത്യൻ യുവാക്കളെയാണ് ബിഷ്‌നോയ് സംഘം പണം നൽകി വെടിവെപ്പുകൾക്കായി ഉപയോഗിക്കുന്നത്. വാട്ട്‌സ്ആപ്പ് വഴി ദക്ഷിണേഷ്യൻ വ്യാപാരികളെ ബന്ധപ്പെട്ട് വൻതുക ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. പണം നൽകാത്തവരുടെ വീടുകൾക്ക് നേരെ മുൻകൂട്ടി അറിയിക്കാതെ വെടിയുതിർക്കുന്ന പുതിയ ശൈലി സംഘത്തിനുള്ളിലെ ആഭ്യന്തര ഭിന്നതയെയാണ് കാണിക്കുന്നതെന്ന് ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി ബോർഡിന് നൽകിയ മൊഴിയിൽ കോൺസ്റ്റബിൾ കെവിൻ സെൻറ് ലൂയിസ് വ്യക്തമാക്കി.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശ പൗരന്മാരെ നാടുകടത്തൽ നടപടികളിലൂടെ നേരിടാനാണ് കനേഡിയൻ സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കാനഡ ബോർഡർ സർവീസസ് ഏജൻസി ഇതുവരെ 446 അന്വേഷണങ്ങൾ ആരംഭിക്കുകയും 118 നാടുകടത്തൽ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തതിൽ 55 പേരെ ഇതിനകം നാടുകടത്തിക്കഴിഞ്ഞു. സംശയാസ്പദമായ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ പ്രാദേശിക പോലീസിനെ വിവരമറിയിക്കണമെന്നും ഭയന്ന് പണം നൽകരുതെന്നും അധികൃതർ ഔദ്യോഗിക നിർദ്ദേശം നൽകിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Bishnoi gang's letter shocks police; Those 1000 people are ready to put Canada at gunpoint; Traders worried





