എഡ്മന്റൺ: ഡേറ്റിംഗ് ആപ്പുകളിൽ മടുത്തോ? എന്നാൽ ഇതാ പ്രണയവും ജീവിതപങ്കാളിയെയും കണ്ടെത്താൻ തികച്ചും വ്യത്യസ്തമായ ഒരു വഴി സ്വീകരിച്ചിരിക്കുകയാണ് എഡ്മന്റണിൽ നിന്നുള്ള ഒരു നാൽപ്പതുകാരൻ. സ്പെൻസർ ഗ്രിഫിൻ-ബീൽ എന്ന കൺസ്ട്രക്ഷൻ തൊഴിലാളിയാണ് തന്റെ ഭാവി വധുവിനെ കണ്ടെത്താനായി നഗരത്തിലുടനീളം ലക്ഷങ്ങൾ മുടക്കി കൂറ്റൻ ബിൽബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
എണ്ണപ്പാടങ്ങളിലും നിർമ്മാണ മേഖലയിലും ജോലി ചെയ്യുന്ന സ്പെൻസറിന് തന്റെ ജോലിത്തിരക്കുകൾക്കിടയിൽ സ്ത്രീകളുമായി ഇടപഴകാൻ ആവശ്യത്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. സാധാരണ രീതിയിലുള്ള ബ്ലൈൻഡ് ഡേറ്റുകളും ഡേറ്റിംഗ് ആപ്പുകളും പരീക്ഷിച്ച് പരാജയപ്പെട്ടതോടെയാണ് ‘ഔട്ട് ഓഫ് ദി ബോക്സ്’ ചിന്തിക്കാൻ ഇയാൾ തീരുമാനിച്ചത്.
“വിവാഹം എന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഡേറ്റിംഗ് ആപ്പുകളിലെ ആയിരക്കണക്കിന് പ്രൊഫൈലുകൾക്കിടയിൽ പെട്ടുപോകാതെ, എന്നെ ആളുകൾ ശ്രദ്ധിക്കാനാണ് ഞാൻ ഈ വഴി തിരഞ്ഞെടുത്തത്. എന്റെ കുടുംബത്തിലും സുഹൃത്തുക്കൾക്കിടയിലും വിവാഹം കഴിക്കാത്ത അവസാനത്തെ ആളുകളിൽ ഒരാളാണ് ഞാൻ. ഈ പ്രായത്തിനുള്ളിൽ ഒരു പങ്കാളിയെ കണ്ടെത്താനാകും എന്നാണ് ഞാൻ കരുതിയത്.” ഗ്രിഫിൻ ബീൽ പറയുന്നു.
പണ്ട് കാലത്ത് പത്രങ്ങളിൽ കല്യാണപ്പരസ്യം നൽകുന്ന രീതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്പെൻസർ ഈ ബിൽബോർഡ് പരസ്യം തയ്യാറാക്കിയത്. 2026-ൽ ആളുകൾ പത്രം വായിക്കുന്നത് കുറവായതുകൊണ്ട് തന്നെ നഗരത്തിലെ പ്രധാന പാതയോരങ്ങളിലെ പരസ്യപ്പലകകൾ ഇയാൾ തിരഞ്ഞെടുത്തു.
ഈ പരസ്യപ്പലകകളിൽ നൽകിയിരിക്കുന്ന ‘marryspencer.ca’ എന്ന വെബ്സൈറ്റ് ലിങ്ക് വഴി യുവതികൾക്ക് സ്പെൻസറെ ബന്ധപ്പെടാം. വെബ്സൈറ്റിൽ തന്റെ താല്പര്യങ്ങളും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഈ പരസ്യം കണ്ട് ഒരു യുവതി സ്പെൻസറുമായി ഡേറ്റിംഗിന് തയ്യാറായിട്ടുണ്ട്. ചിലർ കളിയാക്കിയെങ്കിലും ഭൂരിഭാഗം പേരും അനുകൂലമായാണ് പ്രതികരിക്കുന്നത്.
ഇന്നത്തെ കാലത്ത് ഡേറ്റിംഗ് ആപ്പുകൾ കേവലം ലാഭത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും, AI വ്യാജ പ്രൊഫൈലുകളും ഡീപ്പ് ഫേക്കുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്പെൻസറിന്റെ ഈ പരസ്യശ്രമം വളരെ സുരക്ഷിതവും മാതൃകാപരവുമാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ആപ്പുകളിലെ പ്രണയത്തേക്കാൾ നേരിട്ടുള്ള ഇത്തരം തുറന്നുപറച്ചിലുകൾക്ക് ഇന്നത്തെ കാലത്ത് വലിയ സ്വീകാര്യതയുണ്ടെന്നാണ് വിലയിരുത്തൽ.
എന്തായാലും സ്പെൻസറിന്റെ ഈ അപൂർവ്വ പ്രണയവേട്ടയ്ക്ക് എഡ്മന്റൺ നഗരവാസികളുടെ പൂർണ്ണ പിന്തുണയുണ്ട്. ഒപ്പം എത്രയും വേഗം ഒരു നല്ല പങ്കാളിയെ കണ്ടെത്താൻ കഴിയട്ടെ എന്ന ആശംസകളും!
Edmonton man pays for personal ads to find that special someone
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





