വാൻകൂവർ: ഇന്റർനെറ്റ് വഴി ഓർഡർ ചെയ്ത ജീൻസിന്റെ അളവ് (സൈസ്) മാറി നൽകിയതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾക്കും യാത്രാച്ചെലവിനും കമ്പനി നഷ്ടപരിഹാരം നൽകണമെന്ന യുവതിയുടെ ആവശ്യം കനേഡിയൻ കോടതി തള്ളി. കാനഡയിലെ പ്രമുഖ ലക്ഷ്വറി ഡിപ്പാർട്ട്മെന്റ് സ്റ്റോർ ശൃംഖലയായ ‘ഹോൾട്ട് റെൻഫ്രൂ’വിൽ (Holt Renfrew) നിന്ന് വസ്ത്രം വാങ്ങിയ യുവതിയാണ് നിയമപോരാട്ടത്തിൽ പരാജയപ്പെട്ടത്. ജീൻസ് തിരികെ ഏൽപ്പിക്കാൻ തനിക്ക് ഓഫീസിൽ നിന്ന് അവധിയെടുക്കേണ്ടി വന്നുവെന്നും വലിയ മാനസിക സമ്മർദ്ദമുണ്ടായെന്നുമുള്ള യുവതിയുടെ വാദങ്ങൾ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ സിവിൽ റെസല്യൂഷൻ ട്രിബ്യൂണൽ (CRT) തള്ളുകയായിരുന്നു.
2024-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹോൾട്ട് റെൻഫ്രൂവിന്റെ ഓൺലൈൻ പോർട്ടൽ വഴി 492 ഡോളർ (ഏകദേശം 41,000-ലധികം ഇന്ത്യൻ രൂപ) വിലവരുന്ന ജീൻസാണ് യുവതി ഓർഡർ ചെയ്തത്. എന്നാൽ പാർസൽ ലഭിച്ചപ്പോഴാണ് ഓർഡർ ചെയ്ത അളവിലുള്ളതല്ല വസ്ത്രമെന്ന് വ്യക്തമായത്. തുടർന്ന് യുവതി കമ്പനിയുടെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടുകയും കൃത്യമായ അളവിലുള്ള ജീൻസ് എത്തിക്കണമെന്നോ അല്ലെങ്കിൽ തുക പൂർണ്ണമായി റീഫണ്ട് ചെയ്യണമെന്നോ ആവശ്യപ്പെടുകയും ചെയ്തു.
കമ്പനി അയച്ചുനൽകുന്ന ഷിപ്പിംഗ് ലേബൽ പ്രിന്റ് ചെയ്ത് അടുത്തുള്ള ഫെഡ്എക്സ് (FedEx) കൊറിയർ കേന്ദ്രത്തിൽ ജീൻസ് ഏൽപ്പിക്കാനോ, അല്ലെങ്കിൽ നേരിട്ട് സ്റ്റോറിലെത്തിച്ച് പണം കൈപ്പറ്റാനോ ആയിരുന്നു കമ്പനിയുടെ മറുപടി. എന്നാൽ ഉടനടി പണം തിരികെ വേണമെന്ന നിലപാടിൽ യുവതി ഉറച്ചുനിന്നു. പിന്നീട് യുവതി നേരിട്ട് സ്റ്റോറിലെത്തി ജീൻസ് കൈമാറുകയും വസ്ത്രത്തിന്റെ മുഴുവൻ തുകയും കൈപ്പറ്റുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വസ്ത്രം മാറ്റിയെടുക്കാൻ തനിക്ക് നേരിട്ട സമയനഷ്ടത്തിനും യാത്രാച്ചെലവിനും പകരമായി 330 ഡോളർ (ഏകദേശം 27,000 ഇന്ത്യൻ രൂപ) അധിക നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യുവതി ട്രിബ്യൂണലിനെ സമീപിച്ചത്.
ഉപഭോക്താക്കൾ നേരിട്ട് കാണാതെ സാധനങ്ങൾ വാങ്ങുമ്പോൾ ബാധകമാകുന്ന ബ്രിട്ടിഷ് കൊളംബിയയിലെ ‘സെയിൽ ഓഫ് ഗുഡ്സ് ആക്ട്’ (Sale of Goods Act) ചൂണ്ടിക്കാണിച്ചായിരുന്നു യുവതിയുടെ വാദം. ഈ നിയമപ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ സാധനങ്ങൾ തിരികെ നൽകാതെ തന്നെ പണം കൈപ്പറ്റാൻ വ്യവസ്ഥയുണ്ടെന്ന് ട്രിബ്യൂണൽ അംഗീകരിച്ചു. വസ്ത്രത്തിന്റെ അളവ് മാറി നൽകിയതിലൂടെ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും കോടതി നിരീക്ഷിച്ചു. എന്നാൽ, ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താവ് കമ്പനിയുടെ റിട്ടേൺ പോളിസി (വസ്തുക്കൾ തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ) അംഗീകരിക്കുന്നുണ്ടെന്ന് ട്രിബ്യൂണൽ അംഗം പീറ്റർ നൈഹൂസ് ഉത്തരവിൽ വ്യക്തമാക്കി.
14 ദിവസത്തിനകം വസ്ത്രം തിരികെ നൽകിയാൽ മാത്രമേ പണം ലഭിക്കൂ എന്ന കമ്പനിയുടെ നിബന്ധന പാലിക്കാൻ യുവതി തന്നെ മുൻകൈ എടുത്തിരുന്നതായും കോടതി കണ്ടെത്തി. നഷ്ടപരിഹാരം തള്ളാൻ മറ്റൊരു പ്രധാന കാരണം കൂടി കോടതി ചൂണ്ടിക്കാണിച്ചു. തനിക്കുണ്ടായ ശമ്പളനഷ്ടവും യാത്രാച്ചെലവും തെളിയിക്കുന്ന ഒരൊറ്റ രേഖ പോലും ഹാജരാക്കാൻ യുവതിക്ക് കഴിഞ്ഞില്ല. കൂടാതെ, വീടിനടുത്തുള്ള കൊറിയർ സെന്ററിൽ ജീൻസ് ഏൽപ്പിച്ചാൽ മതിയായിരുന്നു എന്നിരിക്കെ, ജോലിയിൽ നിന്ന് അവധിയെടുത്ത് നാല് മണിക്കൂർ യാത്ര ചെയ്ത് നേരിട്ട് സ്റ്റോറിലെത്തിയത് യുവതിയുടെ മാത്രം തീരുമാനമാണെന്നും, അനാവശ്യമായ ബുദ്ധിമുട്ടുകൾ അവർ സ്വയം വരുത്തിവെക്കുകയായിരുന്നുവെന്നും വ്യക്തമാക്കിയാണ് ട്രിബ്യൂണൽ ഹർജി തള്ളിയത്.
Woman who approached court seeking compensation after size changed while shopping online faces setback
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










