ന്യൂഡൽഹി/ഒട്ടാവ: കാനഡയിലെ സുരക്ഷാ-ഇന്റലിജൻസ് ഏജൻസികളിൽ ഖാലിസ്ഥാൻ വിഘടനവാദികൾ വലിയ തോതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്നായിക് രംഗത്തെത്തി. ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഭരണകൂടത്തിന് പങ്കുണ്ടെന്ന കാനഡയുടെ വാദങ്ങൾ പൂർണ്ണമായും തള്ളിയ അദ്ദേഹം, കനേഡിയൻ സുരക്ഷാ വിഭാഗത്തിന്റെ വിശ്വാസ്യതയെത്തന്നെ പരസ്യമായി ചോദ്യം ചെയ്തു. അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പട്നായിക് ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇരുഭാഗത്തുനിന്നും സജീവമാകുന്നതിനിടയിലാണ് കാനഡയെ പൂർണ്ണമായും പ്രതിരോധത്തിലാക്കുന്ന ഇന്ത്യൻ സ്ഥാനപതിയുടെ ഈ പരാമർശങ്ങൾ പുറത്തുവരുന്നത്. കാനഡയുടെ സുരക്ഷാ ഏജൻസിയായ ‘സി.എസ്.ഐ.എസ്’ (CSIS) ഖാലിസ്ഥാൻ ഗ്രൂപ്പുകളുടെ സ്വാധീനവലയത്തിലാണെന്ന ശക്തമായ സംശയം ഇന്ത്യയിലുണ്ടെന്ന് പട്നായിക് ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരെയുള്ള കാനഡയുടെ ഇന്റലിജൻസ് നറേറ്റീവുകൾ കേവലം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിജ്ജാർ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് വെറുതെ മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ പ്രസ്താവനകളിലൂടെയും വിളിച്ചുപറഞ്ഞ് പൊതുവിചാരണ നടത്താതെ, കൃത്യമായ തെളിവുകളുണ്ടെങ്കിൽ അത് കോടതിയിൽ പോയി തെളിയിക്കാൻ കാനഡ തയ്യാറാകണമെന്ന് പട്നായിക് വെല്ലുവിളിച്ചു. ഇന്ത്യൻ ഭരണകൂടത്തിന് ഈ കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വികാഷ് യാദവ് ഉൾപ്പെട്ട കേസുകൾ പരാമർശിച്ചുകൊണ്ട്, ഏതെങ്കിലും വ്യക്തികളോ വ്യതിചലിച്ച ചില ഘടകങ്ങളോ (Rogue elements) സ്വന്തം നിലയ്ക്ക് ഇതിൽ ഇടപെട്ടിട്ടുണ്ടോ എന്ന കാര്യം പൂർണ്ണമായി തള്ളിക്കളയുന്നില്ലെന്നും സൂചിപ്പിച്ചു.
അതേസമയം ഇന്ത്യൻ സ്ഥാനപതിയുടെ ആരോപണങ്ങൾ കനേഡിയൻ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരി പൂർണ്ണമായി നിഷേധിച്ചു. കനേഡിയൻ സുരക്ഷാ ഏജൻസികൾ നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെന്നും ഇത്തരം ആരോപണങ്ങൾ ഏജൻസിയുടെ വിശ്വാസ്യതയെ തകർക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം അവകാശപ്പെട്ടു.
2023-ൽ ബ്രിട്ടീഷ് കൊളംബിയയിൽ വെച്ച് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നാലെ അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ ആരോപണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. ഇതിനെത്തുടർന്ന് ഇന്ത്യ മുൻപ് കാനഡയിലുണ്ടായിരുന്ന തങ്ങളുടെ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2025 സെപ്റ്റംബറിലാണ് ദിനേഷ് പട്നായിക് പുതിയ ഹൈക്കമ്മീഷണറായി കാനഡയിൽ ചുമതലയേറ്റത്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര ചർച്ചകൾ പുനരാരംഭിക്കുകയും 2026 അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാറിലെത്താൻ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് ഈ പുതിയ നയതന്ത്ര പോര് മുറുകുന്നത്. നിജ്ജാർ കേസിന്റെ വിചാരണ 2027-ൽ കാനഡയിൽ ആരംഭിക്കുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
India’s envoy in Canada rejects hand in Nijjar killing, alleges CSIS compromised by Khalistani elements
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





