വാങ്കൂവർ: ബ്രിട്ടീഷ് കൊളംബിയയിലുള്ള സ്ക്വാമിഷിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതിനെ തുടർന്ന് വനമേഖലയിലെ ട്രെയിലുകൾ അധികൃതർ അടച്ചുപൂട്ടി. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെ സ്ക്വാമിഷ് എസ്റ്റ്യുറി വൈൽഡ് ലൈഫ് മാനേജ്മെന്റ് ഏരിയയിലാണ് സംഭവം. പ്രദേശത്തെ സ്പിറ്റ് റോഡിന് സമീപമുള്ള കാട്ടുപാതയിലൂടെ ഓടുകയായിരുന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്. ഓട്ടത്തിനിടയിൽ പെട്ടെന്ന് രണ്ട് കരടിക്കുട്ടികളുടെ മുന്നിൽ പെട്ടുപോയ ഇയാൾക്ക് നേരെ തള്ളക്കരടി പാഞ്ഞടുക്കുകയായിരുന്നു.
കുട്ടികളെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ തള്ളക്കരടി റണ്ണർക്ക് നേരെ ചീറിയടുക്കുകയും കയ്യിലും കാലിലും നഖം കൊണ്ട് പോറലേൽപ്പിക്കുകയുമായിരുന്നുവെന്ന് ബി.സി കൺസർവേഷൻ ഓഫീസർ സർവീസ് വ്യക്തമാക്കി. ഭാഗ്യവശാൽ യുവാവിന്റെ പരിക്കുകൾ ഗുരുതരമല്ല. സംഭവത്തെത്തുടർന്ന് കൺസർവേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിച്ചു. ഈ വന്യജീവി സങ്കേതത്തിലെ പാതകളിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിലും സമാനമായ രീതിയിൽ ഇതേ പാതയിൽ വെച്ച് ഒരു സ്ത്രീക്ക് നേരെ കരടിയുടെ ആക്രമണം ഉണ്ടായിരുന്നു. അന്നും കുട്ടികളുള്ള തള്ളക്കരടിയാണ് സ്ത്രീയെ ആക്രമിച്ചത്. പ്രദേശത്ത് കരടികളുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
B.C. conservation officers close trails after man injured in black bear attack
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










