ടൊറന്റോ: കാനഡയിലെ പ്രമുഖ കോഫി-റെസ്റ്റോറന്റ് ശൃംഖലയായ ടിം ഹോർട്ടൺസ് കനേഡിയൻ ജനതയ്ക്കായി പതിനായിരം പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നു എന്ന പേരിൽ വലിയ രീതിയിലുള്ള ബഹിഷ്കരണ ആഹ്വാനങ്ങളും വിമർശനങ്ങളും നേരിട്ട പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നിർണായക ചുവടുവെപ്പ്.
രാജ്യത്തെ ടെംപററി ഫോറിൻ വർക്കർ പ്രോഗ്രാമിനെ കമ്പനി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം കഴിഞ്ഞ കുറച്ചുകാലമായി കാനഡയിൽ ശക്തമായിരുന്നു. കാനഡയിലെ പഞ്ചാബി കുടിയേറ്റക്കാരുടെ എണ്ണക്കൂടുതൽ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ ഈ ബ്രാൻഡിനെ ‘സിങ് ഹോർട്ടൺസ്’ എന്ന് പരിഹസിച്ച് വിളിക്കുന്ന ട്രെൻഡും ഉണ്ടായിരുന്നു. ഇതിനെല്ലാം തങ്ങളുടെ പുതിയ പ്രാദേശിക തൊഴിൽ കാമ്പയിനിലൂടെ മറുപടി നൽകാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മുൻവർഷങ്ങളെ അപേക്ഷിച്ച് വിദേശ തൊഴിലാളികളുടെ പങ്കാളിത്തം അമ്പത് ശതമാനമായി കമ്പനി കുറച്ചിട്ടുണ്ട്.
വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനായി സർക്കാരിൽ ചെലുത്തിയിരുന്ന സമ്മർദ്ദങ്ങൾ കമ്പനി പൂർണ്ണമായും നിർത്തിയെന്ന് മാതൃകമ്പനിയായ റെസ്റ്റോറന്റ് ബ്രാൻഡ്സ് ചീഫ് കോർപ്പറേറ്റ് ഓഫീസർ ഡങ്കൻ ഫുൾട്ടൺ അറിയിച്ചു. കോവിഡ് കാലത്തുണ്ടായ കടുത്ത തൊഴിലാളി ക്ഷാമം മൂലമാണ് വിദേശ തൊഴിലാളികളെ ആശ്രയിക്കേണ്ടി വന്നതെന്നും, എന്നാൽ തങ്ങളുടെ റെസ്റ്റോറന്റുകളിൽ നാല് ശതമാനത്തിൽ താഴെ മാത്രമാണ് വിദേശ തൊഴിലാളികൾ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡയിലെ ജനവിഭാഗങ്ങൾ കൂടുതൽ വൈവിധ്യമാർന്നതായതുകൊണ്ടാണ് ജീവനക്കാരിലും ആ മാറ്റം കാണുന്നതെന്നും അതിനെ വിദേശ തൊഴിലാളികളുടെ അതിപ്രസരമായി കാണുന്നത് തെറ്റിദ്ധാരണയാണെന്നും കമ്പനി വക്താക്കൾ കൂട്ടിച്ചേർത്തു.
കാനഡയിൽ സ്ഥിരതാമസമാക്കിയവർ, കനേഡിയൻ വിദ്യാർത്ഥികൾ, അന്താരാഷ്ട്ര വിദ്യാർത്ഥികൾ തുടങ്ങി രാജ്യത്ത് ജോലി ചെയ്യാൻ നിയമപരമായ അനുമതിയുള്ള ആർക്കും ഈ തൊഴിലവസരങ്ങൾക്കായി അപേക്ഷിക്കാം. വിദേശികൾക്ക് കുറഞ്ഞ ശമ്പളം നൽകിയാണ് കമ്പനി ലാഭം കൊയ്യുന്നത് എന്ന പ്രചാരണം തെറ്റാണെന്നും, തദ്ദേശീയർക്കും വിദേശികൾക്കും ഒരേ വേതനമാണ് നൽകുന്നതെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
Tim Hortons says it will hire 10,000 locals in Canada amid boycott call, ‘Singh Hortons’ nickname
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





