ബാംഗ്ലൂർ: ഐപിഎൽ 2025-ലെ ഇന്നത്തെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ 8 വിക്കറ്റിന് തകർത്തു.170 റൺസ് വിജയലക്ഷ്യം 18-ാം ഓവറിൽ തന്നെ മറികടന്ന ഗുജറാത്ത് ടീമിനായി ജോസ് ബട്ട്‌ലർ അവിസ്മരണീയ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. 39 പന്തിൽ 73 റൺസ് നേടിയ ബട്ട്‌ലർക്ക് പിന്തുണയുമായി ഷെർഫെയ്ൻ റുതർഫോർഡും (18 പന്തിൽ 30* റൺസ്) കൂടിയായപ്പോൾ വിജയം എളുപ്പമായി.
ആർസിബി സ്റ്റേഡിയത്തിൽ സീസണിലെ ആദ്യ ഹോം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലുർ 20 ഓവറിൽ 8 വിക്കറ്റിന് 169 റൺസെടുത്തു. ഇംഗ്ലണ്ട് താരം ലിയം ലിവിങ്‌സ്റ്റണാണ് (40 പന്തിൽ 54 റൺസ്) ടീമിന്റെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ ടിം ഡേവിഡിന്റെ വെടിക്കെട്ട് (18 പന്തിൽ 32 റൺസ്) കൂടിയായപ്പോൾ മാന്യമായ സ്കോറിൽ എത്തിക്കാൻ കഴിഞ്ഞു.
എന്നാൽ റൺവേട്ടയിൽ ഗുജറാത്ത് ടീം അനായാസം മുന്നേറി. തുടക്കത്തിൽ ശുഭ്മാൻ ഗില്ലും സായ് സുധർശനും അടിത്തറയിട്ടതിന് ശേഷം ബട്ട്‌ലറും റുതർഫോർഡും ചേർന്ന് കളി അവസാനിപ്പിച്ചു. വിജയറൺസ് റുതർഫോർഡ് സിക്സർ പറത്തിയാണ് നേടിയത്.
“പിച്ചിലെ പന്തിന്റെ സ്വഭാവം മനസ്സിലാക്കാൻ ആദ്യം കുറച്ച് സമയമെടുത്തു. പിന്നീട് എനിക്ക് ശരിക്കും ഫ്രീയായി കളിക്കാൻ കഴിഞ്ഞു,” മാൻ ഓഫ് ദ മാച്ച് ബട്ട്‌ലർ പറഞ്ഞു.ഈ വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. തുടർച്ചയായ രണ്ട് വിജയങ്ങൾക്ക് ശേഷം ആദ്യ തോൽവി ഏറ്റുവാങ്ങിയ ആർസിബി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.



