ഒട്ടാവ : കാനഡയിൽ ബീഫ് വില സർവകാല റെക്കോർഡിലേക്ക് ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വർഷങ്ങളായുള്ള വരൾച്ച, കന്നുകാലി കൂട്ടങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ്, ഉയർന്ന ഉൽപ്പാദനച്ചെലവ് എന്നിവയാണ് വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ ഏപ്രിലിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ ബീഫ് വിലയിൽ 12.5 ശതമാനം വർദ്ധനവുണ്ടായി. 2021-ന് ശേഷം ബീഫ് വിലയിൽ ആകെ 62.6 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 നവംബറിലാണ് വില ഏറ്റവും ഉയർന്ന നിരക്കായ 17.7 ശതമാനത്തിൽ എത്തിയത്.
കടുത്ത വരൾച്ചയെത്തുടർന്ന് കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ എന്നിവിടങ്ങളിലെ കർഷകർ കന്നുകാലികളുടെ എണ്ണം കുറയ്ക്കാൻ നിർബന്ധിതരായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കാൽഗറി ആസ്ഥാനമായുള്ള ബീഫ് സ്റ്റാറ്റിസ്റ്റിക്സ് സ്ഥാപനമായ കാൻഫാക്സിന്റെ (Canfax) എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രെന്ന ഗ്രാന്റ് വ്യക്തമാക്കി. കാനഡയിലെ കന്നുകാലികളുടെ എണ്ണം കഴിഞ്ഞ 40 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ കന്നുകാലികളുടെ ലഭ്യത കുറവാണെങ്കിലും വിപണിയിൽ ബീഫിന്റെ ആവശ്യകത ഇപ്പോഴും ശക്തമായി തുടരുകയാണെന്ന് കാൽഗറിയിലെ ബോൺ ടൺ മീറ്റ് മാർക്കറ്റ് ഉടമ ഗ്രെഗ് കെല്ലർ അറിയിച്ചു.
അതേസമയം, 2018-ന് ശേഷം ആദ്യമായി കാനഡയിലെ കന്നുകാലി സമ്പത്തിൽ ചെറിയ വർദ്ധനവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. ഈ വർഷത്തിന്റെ തുടക്കത്തിൽ കന്നുകാലികളുടെയും പശുക്കുട്ടികളുടെയും എണ്ണം 2.5 ശതമാനം വർദ്ധിച്ച് 11.1 മില്യണിൽ എത്തിയിട്ടുണ്ട്. കോവിഡിന് മുൻപ് ഒരു പൗണ്ടിന് 2.20 ഡോളർ ആയിരുന്ന പശുക്കുട്ടികളുടെ വില നിലവിൽ 7 ഡോളറായി ഉയർന്നതായി കാൻഫാക്സ് വ്യക്തമാക്കുന്നു. എന്നാൽ, കന്നുകാലികൾ വിപണിയിൽ എത്തിപ്പെടാൻ രണ്ട് മുതൽ മൂന്ന് വർഷം വരെ സമയമെടുക്കുമെന്നതിനാൽ വിപണിയിൽ പെട്ടെന്നൊരു വിലക്കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും വിലയിരുത്തലുകളുണ്ട്.
ഇന്ധനവിലയിലും കന്നുകാലിത്തീറ്റയുടെ ചിലവിലും 50 മുതൽ 60 ശതമാനം വരെ വർദ്ധനവുണ്ടായതായി കർഷകനും ആൽബർട്ട ബീഫ് പ്രൊഡ്യൂസേഴ്സ് വൈസ് പ്രസിഡന്റുമായ കീത്ത് ഹോളോവത് വ്യക്തമാക്കി. കന്നുകാലി സമ്പത്തിന്റെ വീണ്ടെടുക്കൽ വരാനിരിക്കുന്ന കാലാവസ്ഥയെക്കൂടി ആശ്രയിച്ചിരിക്കുമെന്നും പ്രയറി മേഖലകളിലെ വരണ്ട കാലാവസ്ഥ ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷത്തിന്റെ രണ്ടാം പകുതിയിലെ സാഹചര്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ വില നിലവിലെ നിരക്കിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് ബ്രെന്ന ഗ്രാന്റ് വിലയിരുത്തി.
Beef prices soar in Canada; consumers hit hard by BBQ season
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









