മലയാളിയുടെ വികാരവും വിസ്മയവുമായ പ്രിയപ്പെട്ട ‘ലാലേട്ടന്’ ഇന്ന് 66-ാം ജന്മദിനം. അഭിനയത്തിന്റെ ആകാശത്ത് ഭാവപ്പകർച്ചകളുടെ വെള്ളിവെളിച്ചം തീർത്ത മോഹൻലാൽ എന്ന നടനവിസ്മയത്തിന് ആശംസകൾ നേർന്ന് സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ഒഴുകിയെത്തുകയാണ്. എന്നും സർപ്രൈസുകൾ ഒളിപ്പിച്ചു വെക്കാറുള്ള ലാലേട്ടൻ ഇത്തവണ തന്റെ ജന്മദിനത്തിൽ ആരാധകർക്ക് നൽകിയത് എക്കാലത്തെയും വലിയൊരു സമ്മാനമാണ്— ‘ദൃശ്യം 3’ ന്റെ ആഗോള റിലീസ്!

ആഘോഷങ്ങൾ ആഡംബരങ്ങളിലേക്ക് മാറ്റിവെക്കാതെ, തന്റെ ജീവനായ പ്രേക്ഷകർക്കൊപ്പം ജന്മദിനം ആഘോഷിക്കാനാണ് അദ്ദേഹം തെരഞ്ഞെടുത്തത്. കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കവിതാ തിയേറ്ററിൽ ‘ദൃശ്യം 3’ കാണാൻ നേരിട്ടെത്തിയ ലാലേട്ടനെ ആർപ്പുവിളികളോടെയും കൈയടികളോടെയുമാണ് ആരാധകർ വരവേറ്റത്. തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കി മാറ്റിയുള്ള ഈ വരവ് ആരാധകർക്ക് ഇരട്ടി മധുരമായി.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലെ ക്രൂരനും കുസൃതിക്കാരനുമായ നരേന്ദ്രൻ എന്ന വില്ലനായിട്ടായിരുന്നു ആ സിനിമായാത്രയുടെ തുടക്കം. പിന്നീട് ‘രാജാവിന്റെ മകനിലെ’ വിൻസെന്റ് ഗോമസ് എന്ന അധോലോക നായകനിലൂടെ മാസ്മരികമായ ഒരു നായകസങ്കൽപ്പത്തിന് അദ്ദേഹം അടിത്തറയിട്ടു. നാടകീയതകളില്ലാത്ത സ്വാഭാവിക അഭിനയം കൊണ്ട് ‘വാസ്തുഹാര’യിലെ വേണുവും, ‘താഴ്‌വാര’ത്തിലെ ബാലനും, ‘കിരീട’ത്തിലെ സേതുമാധവനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
‘നാടോടിക്കാറ്റി’ലെ ദാസനും, ‘ഭരത’ത്തിലെ കല്ലൂർ ഗോപിനാഥനും, ‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണനുമൊക്കെയായി മധ്യവർഗ മലയാളിയുടെ പ്രണയവും വിരഹവും ആഘോഷവുമെല്ലാം ആ നടനവൈഭവം വെള്ളിത്തിരയിൽ ജീവിച്ചു തീർത്തു. ഒടുവിൽ ‘വാനപ്രസ്ഥം’ എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടനായി മാറിയപ്പോൾ ലോകസിനിമ തന്നെ ആ പ്രതിഭയ്ക്ക് മുന്നിൽ ആദരവോടെ തലകുനിക്കുകയായിരുന്നു. നാല് ദേശീയ പുരസ്‌കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാൽ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങൾക്ക് അതീതമാണ് മോഹൻലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
അഭിനയ ജീവിതത്തിൽ നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ മോഹൻലാൽ എന്ന പേര് ഇന്ന് ഒരു വലിയ ബ്രാൻഡാണ്. ബോക്‌സ് ഓഫീസ് കണക്കുകൾ പരിശോധിച്ചു നോക്കിയാൽ റെക്കോഡുകൾ സൃഷ്ടിക്കുന്നതും തകർക്കുന്നതും മോഹൻലാൽ ചിത്രങ്ങളാണ്. ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടുന്ന മലയാള ചിത്രം മോഹൻലാലിന്റെ പുലിമുരുകനാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 2016ലാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ 200 കോടി ക്ലബിൽ ഇടംനേടി ചരിത്രം കുറിച്ചു.
അഭിനയം വെറുമൊരു വേഷപ്പകർച്ചയല്ല, മറിച്ച് ആത്മാവിന്റെ ആവിഷ്‌കാരമാണെന്ന് തെളിയിച്ച ഈ മഹാപ്രതിഭയ്ക്ക് മുന്നിൽ കാലം ഇനിയും വിസ്മയത്തോടെ കാത്തുനിൽക്കും. പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!
mohanlal birthday
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





