ഒട്ടാവ: കാനഡയിലെ ഓക്ക്വില്ലിലുള്ള പ്രമുഖ റീട്ടെയ്ൽ സ്റ്റോറിലെ ചേഞ്ചിങ് റൂമിൽ കയറി സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ 36-കാരനായ ഡിഷാന്ത് ശ്രീദേവ എന്നയാൾ പോലീസിന്റെ പിടിയിലായി. പേര് വിവരങ്ങൾ പുറത്തുവന്നതോടെ ഇയാൾ ഇന്ത്യൻ വംശജനാണെന്നാണ് സൂചന. വൊയറിസം (ഒളിഞ്ഞുനോട്ടം) ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഹാൽട്ടൺ റീജിയണൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മിസിസാഗ സ്വദേശിയായ ഡിഷാന്ത്, വിൻസ്റ്റൺ ചർച്ചിൽ ബൊളിവാർഡിലുള്ള ‘വിന്നേഴ്സ്’ (Winners) എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ വെച്ചാണ് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.
കഴിഞ്ഞ ഏപ്രിൽ ആദ്യവാരമാണ് കേസിനാസ്പദമായ ആദ്യ പരാതി പോലീസിന് ലഭിക്കുന്നത്. കടയിലെ ഫിറ്റിങ് റൂമിൽ വസ്ത്രം മാറുന്നതിനിടെ ഒരാൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ വിശദമായ അന്വേഷണത്തിൽ, 2024 നവംബറിൽ ഇതേ കടയിൽ വെച്ച് മറ്റൊരു യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയതും ഇതേയാൾ തന്നെയാണെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ ആഴ്ച മിസിസാഗയിലുള്ള ഇയാളുടെ താമസസ്ഥലത്ത് പോലീസ് തിരച്ചിൽ നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ പക്കൽ നിന്നും ലാപ്ടോപ്പും ഒന്നിലധികം മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഇവയിൽ നിരവധി ദൃശ്യങ്ങൾ ഉണ്ടെന്നാണ് സൂചന. പ്രതിയെ പിന്നീട് കോടതി കർശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു. മിൽട്ടൺ കോടതിയിലാണ് ഇയാളുടെ കേസ് നടക്കുന്നത്.
ഇയാൾ ഇതിന് മുൻപും സമാനമായ രീതിയിൽ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടാകാമെന്നും കൂടുതൽ ഇരകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് പരാതിക്കാരെ കണ്ടെത്താനായി പ്രതിയുടെ ചിത്രം പോലീസ് പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇയാളിൽ നിന്ന് ദുരനുഭവമുണ്ടായവർ ധൈര്യപൂർവ്വം മുന്നോട്ട് വരണമെന്ന് ഹാൽട്ടൺ പോലീസ് അഭ്യർത്ഥിച്ചു.
36-year-old man Dishanth Srideva charged after recording women inside fitting rooms in Canada
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





