ഒട്ടാവ : കനേഡിയൻ സായുധ സേനയുടെ ആഭിമുഖ്യത്തിൽ റെൻഫ്രൂ കൗണ്ടി, പോണ്ടിയാക് മേഖലകളിൽ ഈ ആഴ്ച തന്ത്രപ്രധാനമായ സൈനിക പരിശീലനം നടക്കും. കനേഡിയൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സസ് കമാൻഡിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് കിഴക്കൻ ഒന്റാരിയോയിലും പടിഞ്ഞാറൻ ക്യുബെക്കിലുമായി പതിവ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. മെയ് 21 മുതൽ 26 വരെയുള്ള ദിവസങ്ങളിലാണ് ഈ മേഖലകളിൽ സായുധ സേനയുടെ പരിശീലനം നിശ്ചയിച്ചിരിക്കുന്നത്.
വിവിധ തീയതികളിലായി വ്യത്യസ്ത കേന്ദ്രങ്ങളിലാണ് സൈനികാഭ്യാസം നടക്കുകയെന്ന് കാനഡ പ്രതിരോധ മന്ത്രാലയം (ഡി.എൻ.ഡി) അറിയിച്ചു. മെയ് 21 മുതൽ 22 വരെ പെറ്റാവവ, പെംബ്രോക്ക് ആൻഡ് ഏരിയ എയർപോർട്ട് പരിസരങ്ങളിലും, മെയ് 23 മുതൽ 24 വരെ ക്യുബെക്കിലെ പോർട്ടേജ്-ഡു-ഫോർട്ട്, ഷെനോ ഡാം എന്നിവയ്ക്ക് സമീപവും പരിശീലനം നടക്കും. മെയ് 25, 26 തീയതികളിൽ ഒട്ടാവ നദിയിലൂടെയുള്ള സഞ്ചാരം ഉൾപ്പെടെ ക്യൂബെക്കിലെ ഷീൻബോറോ മേഖല കേന്ദ്രീകരിച്ചായിരിക്കും സായുധ സേനയുടെ പ്രവർത്തനങ്ങൾ.
പരിശീലനത്തിന്റെ ഭാഗമായി സൈനിക വാഹനങ്ങളുടെ സഞ്ചാരം, ഹെലികോപ്റ്ററുകൾ, താഴ്ന്നു പറക്കുന്ന ഡ്രോണുകൾ, ആയുധധാരികളായ സൈനികർ എന്നിവരുടെ സാന്നിധ്യം പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടേക്കാമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, രാത്രികാലങ്ങളിൽ സ്ഫോടന ശബ്ദങ്ങളും ബ്ലാങ്ക് വെടിയുണ്ടകൾ ഉപയോഗിക്കുന്നതിന്റെ ശബ്ദവും കേൾക്കാൻ സാധ്യതയുണ്ട്. എന്നാൽ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കുമെന്നും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
Canadian Armed Forces military training this week; Ministry of Defence issues alert to residents of Renfrew, Pontiac
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









