സസ്കാറ്റൂൺ: പൊലീസ് റെയ്ഡിൽ പിടിച്ചെടുത്ത ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വാഹനങ്ങളും സ്വത്തുക്കളും തിരികെ ലഭിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് മയക്കുമരുന്ന് കേസ് പ്രതി. സസ്കാറ്റൂണിൽ വലിയ തോതിൽ മാരക മയക്കുമരുന്നുകളുമായി അറസ്റ്റിലായ മുഹമ്മദ് ഉസ്മാൻ എന്നയാളാണ് കൗതുകകരമായ ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. സർക്കാരിലേക്ക് കണ്ടുകെട്ടിയ തന്റെ സ്വത്തുക്കൾ വിറ്റഴിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാണ് പ്രതിയുടെ ആവശ്യം. എന്നാൽ ഇതിനായി അധികൃതർ നൽകിയ നോട്ടീസിന് കൃത്യസമയത്ത് മറുപടി നൽകാത്തതിനാലാണ് സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ തീരുമാനിച്ചത്. താൻ ആ സമയത്ത് ജയിലിലായിരുന്നതിനാലാണ് നോട്ടീസ് കാണാൻ കഴിയാതെ പോയതെന്നും അതിനാൽ നടപടി അസാധുവാക്കണമെന്നുമാണ് പ്രതിയുടെ വാദം.
2024 ഒക്ടോബറിലാണ് സസ്കാറ്റൂൺ പൊലീസ് നടത്തിയ ‘പ്രോജക്റ്റ് സെപ്പറേറ്റ്’ എന്ന രഹസ്യ ഓപ്പറേഷനിലൂടെ മുഹമ്മദ് ഉസ്മാനെ പിടികൂടുന്നത്. പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നാല് കിലോ കൊക്കെയ്ൻ, മൂന്ന് കിലോ മെത്താംഫെറ്റാമിൻ, തോക്കുകൾ, വെടിയുണ്ടകൾ, വൻ തുക എന്നിവയ്ക്കൊപ്പം ലാൻഡ് റോവർ, ഔഡി RS7, ഇൻഫിനിറ്റി, ഡോഡ്ജ് റാം ഉൾപ്പെടെ ഏഴോളം ആഡംബര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. കുറ്റകൃത്യങ്ങളിലൂടെ സമ്പാദിക്കുന്ന ഇത്തരം സ്വത്തുക്കൾ വിറ്റ് ആ തുക പൊലീസ് സേനയുടെ ആധുനികവൽക്കരണത്തിനും മറ്റും ഉപയോഗിക്കുകയാണ് കാനഡയിലെ പതിവ്.
ക്രിമിനൽ സ്വത്ത് കണ്ടുകെട്ടൽ നിയമപ്രകാരം, ഈ സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിന് മുൻപ് പ്രതിക്ക് രജിസ്റ്റേർഡ് തപാലിൽ നോട്ടീസ് അയച്ചിരുന്നു. പ്രതിയുടെ അവസാനത്തെ ഔദ്യോഗിക മേൽവിലാസത്തിലേക്കാണ് നോട്ടീസ് പോയത്. എന്നാൽ, പ്രതി അപ്പോഴേക്കും അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്നതിനാൽ പത്ത് ദിവസത്തിനകം ഇതിന് മറുപടി നൽകാൻ സാധിച്ചില്ല. ഇതോടെ പ്രതിക്ക് താല്പര്യമില്ലെന്ന് കണക്കാക്കി സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടാൻ കോടതി അനുമതി നൽകുകയായിരുന്നു.
നിയമപ്രകാരം നോട്ടീസ് അയക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രതി ജയിലിലായതിനാൽ അത് കൈപ്പറ്റാൻ പറ്റിയില്ല എന്നത് നിയമപരമായ നടപടികളെ ബാധിക്കില്ലെന്നും സസ്കാറ്റൂൺ കിംഗ്സ് ബെഞ്ച് ജസ്റ്റിസ് കോളിൻ ക്ലാക്സൺ വ്യക്തമാക്കി.
പ്രതിയുടെ അഭിഭാഷകൻ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതിനെതിരെ വാദിച്ചെങ്കിലും കോടതി ഈ വാദങ്ങൾ തള്ളി. ഒരു മയക്കുമരുന്ന് കള്ളക്കടത്തുകാരനെ സഹായിക്കാൻ നിയമം മാറ്റിയെഴുതാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. എങ്കിലും, കണ്ടുകെട്ടൽ നടപടികൾക്കെതിരെ കൃത്യമായ രീതിയിൽ അപ്പീൽ നൽകാൻ പ്രതിക്ക് നിയമപരമായ സമയം അനുവദിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
Alleged Saskatoon drug dealer petitions court to return property seized by police
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










