ടൊറന്റോ: സ്പെയിനിലെ ബാർസിലോനയിൽ വെച്ച് മൂന്ന് കനേഡിയൻ ഓഫ് ഡ്യൂട്ടി പൊലീസുകാർ പിടിയിലായതായി റിപ്പോർട്ട്. ടൊറന്റോ പൊലീസ് സർവീസിലെ (TPS) ഉദ്യോഗസ്ഥരാണ് ഗുരുതരമായ കുറ്റാരോപണങ്ങളെത്തുടർന്ന് വിദേശത്തുണ്ടായ ഒരു സംഭവത്തിൽ നിയമനടപടി നേരിടുന്നത്. അവധി ആഘോഷിക്കാനായി വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്പെയിനിൽ എത്തിയതായിരുന്നു ഇവർ.

സംഭവത്തെക്കുറിച്ച് ടൊറന്റോ പൊലീസ് വക്താവ് ഔദ്യോഗികമായി പ്രതികരിച്ചു. ഇവർക്കെതിരെയുള്ള ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കിയ വക്താവ്, പിടിയിലായ ഉദ്യോഗസ്ഥരിൽ ഒരാൾ കാനഡയിൽ തിരിച്ചെത്തിയ ഉടൻ തന്നെ കമ്മ്യൂണിറ്റി സേഫ്റ്റി ആൻഡ് പൊലീസിങ് ആക്ട് (CSPA) പ്രകാരം ചീഫ് ഓഫ് പൊലീസ് അദ്ദേഹത്തെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതായും അറിയിച്ചു. ബാക്കി രണ്ട് ഉദ്യോഗസ്ഥരും അടുത്ത ദിവസങ്ങളിൽ കാനഡയിൽ തിരിച്ചെത്തുന്നതോടെ സസ്പെൻഷനിലാകും.
സ്പാനിഷ് കോടതിയിൽ നിലവിൽ കേസ് നടപടികൾ പുരോഗമിക്കുന്നതിനാൽ, ഇവർ ചെയ്ത കുറ്റത്തെക്കുറിച്ചോ അറസ്റ്റിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ പൊലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും കോൺസ്റ്റബിൾമാരായ ഇവാൻ ഗ്ലെന്നി, റിച്ച് റാൻഡ്, ചഗ്ലർ യിഗിത് എന്നിവരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്.
തങ്ങളുടെ മൂന്ന് അംഗങ്ങൾ ഉൾപ്പെട്ട സംഭവത്തെക്കുറിച്ച് ബോധ്യമുണ്ടെന്നും, എന്നാൽ ഡ്യൂട്ടിയിലില്ലാത്ത സമയത്ത് നടന്ന വ്യക്തിപരമായ കാര്യമായതിനാൽ നിലവിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നുമാണ് ടൊറന്റോ പൊലീസ് അസോസിയേഷൻ അറിയിച്ചത്. വിഷയത്തിൽ കൂടുതൽ വ്യക്തതയ്ക്കായി കനേഡിയൻ മാധ്യമങ്ങൾ നിലവിൽ സ്പാനിഷ് പൊലീസുമായി ബന്ധപ്പെട്ടു വരികയാണ്. സ്പെയിനിലെ കോടതി നടപടികൾ പൂർത്തിയാകുന്നതോടെ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
Three Toronto cops facing charges in Barcelona




