നാനൈമോ: നാനൈമോയിൽ ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ സ്ഫോടനം ഇ-ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സ്ഫോടനത്തെ തുടർന്ന് സുരക്ഷ മുൻനിർത്തി പ്രദേശത്തെ പ്രധാന റോഡ് പോലീസ് താത്കാലികമായി അടച്ചിട്ടു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ടെർമിനൽ അവന്യൂ നോർത്തിലെ 900 ബ്ലോക്കിന് സമീപമുള്ള കാട്ടുപ്രദേശത്താണ് സംഭവം നടന്നത്. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് നാനൈമോ ആർസിഎംപി (റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്) ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയായിരുന്നു.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും അന്വേഷണം സുഗമമാക്കുന്നതിനുമായാണ് ടെർമിനൽ അവന്യൂ നോർത്തിന്റെ ഒരു ഭാഗം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും പൂർണ്ണമായി അടച്ചതെന്ന് കോൺസ്റ്റബിൾ ഗാരി ഒ’ബ്രയൻ അറിയിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമനസേന, പാരാമെഡിക്കൽ വിഭാഗം, ആർസിഎംപി ഫോറൻസിക് ഐഡന്റിഫിക്കേഷൻ സർവീസ് എന്നിവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സ്ഫോടനത്തിന്റെ തീവ്രത കണക്കിലെടുത്ത് ആർസിഎംപിയുടെ പ്രത്യേക വിഭാഗത്തിന്റെ സഹായവും പോലീസ് തേടിയിരുന്നു.
സംഭവസ്ഥലത്തുനിന്നും വലിയ അളവിൽ ലോഹാവശിഷ്ടങ്ങൾ കണ്ടെടുത്തതായി അധികൃതർ വ്യക്തമാക്കി. ഈ അവശിഷ്ടങ്ങൾ പരിശോധിച്ച ശേഷമാണ് പൊട്ടിത്തെറിച്ചത് ഇ-ബൈക്ക് ബാറ്ററിയാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ജനവാസ മേഖലയ്ക്ക് തൊട്ടടുത്താണ് സ്ഫോടനം നടന്നതെങ്കിലും ആർക്കും പരിക്കേൽക്കുകയോ മറ്റ് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. പരിശോധനകൾ പൂർത്തിയാക്കി രാവിലെ പത്ത് മണിയോടെ ടെർമിനൽ അവന്യൂ നോർത്ത് വഴിയുള്ള ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചതായി പോലീസ് അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
E-bike battery explodes, causing massive explosion in Nanaimo; police close roads for safety









