ചെന്നൈ: മലയാളികൾക്ക് അടക്കം ഏറെ പ്രിയങ്കരനായ താരമാണ് രവി മോഹൻ. സമീപകാലത്തായി ഭാര്യ ആർതിയുമായുള്ള പ്രശ്നങ്ങളിലാണ് താരം. കുടുംബജീവിതത്തിലെ പ്രതിസന്ധികളെത്തുടർന്ന് ചലച്ചിത്രരംഗത്തുനിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്ന് പ്രമുഖ നടൻ രവി മോഹൻ വാർത്താസമ്മേളനത്തിൽ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഭാര്യ ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നത് വരെയായിരിക്കും ഈ ഇടവേളയെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ കുടുംബജീവിതം തകർത്തതിന് പിന്നിൽ സിനിമാരംഗത്തെ ഒരു പ്രമുഖ നടിയാണെന്ന ഗുരുതരമായ ആരോപണവും രവി മോഹൻ ഉന്നയിച്ചു. പേര് വെളിപ്പെടുത്താതെ ‘ഇഡ്ഡലി നടി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഭാര്യ ആർതിയുമായുള്ള ഭിന്നതകളെത്തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി രവി മോഹൻ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. പതിനാല് വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഗായിക കെനീഷയുമായി നടന് ബന്ധമുണ്ടെന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചാരണങ്ങൾ നടന്നു. സൈബർ ആക്രമണങ്ങൾ ശക്തമായതോടെ കെനീഷ തന്നുമായുള്ള സൗഹൃദം അവസാനിപ്പിച്ചതായും, ഇതാണ് തന്നെ മാനസികമായി ഏറെ വിഷമിപ്പിച്ചതെന്നും രവി മോഹൻ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തുന്ന നടി മുൻപും പലരുടെയും കുടുംബങ്ങൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് രവി മോഹൻ ആരോപിച്ചു. പുറത്തു ഫെമിനിസം പറയുന്ന ഇവർക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാൻ എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, രവി മോഹന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ, ആർതിയുടെ അടുത്ത സുഹൃത്തായ നടി ഖുശ്ബുവിനെ ഉദ്ദേശിച്ചാണ് ഈ പരാമർശമെന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
"Feminists on the outside, their goal is to destroy families"; Ravi Mohan lashes out; 'Idli actress' remark sparks debate









