ടൊറന്റോ: ആഗോള വാച്ച് ബ്രാൻഡായ ‘സ്വാച്ച്’ (Swatch) പുറത്തിറക്കിയ പുതിയ ലിമിറ്റഡ് എഡിഷൻ പോക്കറ്റ് വാച്ച് വാങ്ങാൻ ജനങ്ങൾ തടിച്ചുകൂടിയതിനെ തുടർന്ന് ടൊറന്റോയിലെ രണ്ട് പ്രമുഖ ഷോറൂമുകൾ താൽക്കാലികമായി അടപ്പിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പൊതുജന സുരക്ഷ മുൻനിർത്തിയാണ് ശനിയാഴ്ച കടകൾ അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്.
പ്രമുഖ ലക്ഷ്വറി വാച്ച് ബ്രാൻഡായ ‘ഓഡിമാർ പിഗെ’യുമായി സഹകരിച്ച് സ്വാച്ച് പുറത്തിറക്കിയ ‘റോയൽ പോപ്പ്’ എന്ന പോക്കറ്റ് വാച്ച് കളക്ഷന്റെ വില്പന ശനിയാഴ്ചയാണ് ആരംഭിച്ചത്. കാനഡയിൽ 525 മുതൽ 560 ഡോളർ വരെ വിലവരുന്ന എട്ട് മോഡലുകളാണ് ഈ കളക്ഷനിലുള്ളത്. പോപ്പ് ആർട്ട് ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ വാച്ചുകൾ സ്വന്തമാക്കാൻ തലേദിവസം രാത്രി മുതൽ തന്നെ ആളുകൾ മാളുകൾക്ക് മുന്നിൽ ക്യാമ്പ് ചെയ്ത് വരി നിന്നിരുന്നു.
ടൊറന്റോയിലെ ഫെയർവ്യൂ മാൾ, ഷെർവേ ഗാർഡൻസ് എന്നിവിടങ്ങളിലെ സ്വാച്ച് സ്റ്റോറുകൾക്ക് മുന്നിലാണ് വൻ തിരക്ക് അനുഭവപ്പെട്ടത്. ഷെർവേ ഗാർഡൻസിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് പോലും രംഗത്തിറങ്ങേണ്ടി വന്നു. എന്നാൽ മാളിനുള്ളിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ടൊറന്റോ പോലീസ് സ്ഥിരീകരിച്ചു.
സുരക്ഷ കണക്കിലെടുത്ത് സ്റ്റോറുകളിലേക്ക് കൂട്ടമായി ഇരച്ചുകയറരുതെന്ന് സ്വാച്ച് കാനഡ ഇൻസ്റ്റാഗ്രാമിലൂടെ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഈ വാച്ചുകൾ വരും മാസങ്ങളിലും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കാനഡയിൽ മാത്രമല്ല, യുകെ ഉൾപ്പെടെയുള്ള മറ്റ് പല രാജ്യങ്ങളിലും ഈ വാച്ചിനായുള്ള തിരക്ക് കാരണം സ്വാച്ച് സ്റ്റോറുകൾ അടച്ചിടേണ്ടി വന്നതായും ചിലയിടങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
Two Toronto Swatch stores closed
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









