ടൊറന്റോ: കാനഡയിലുടനീളം പെട്രോൾ വില ഉയർന്ന നിലയിലെത്തിയ സാഹചര്യത്തിൽ, ഇന്ധനച്ചെലവ് കുറയ്ക്കാൻ ഡ്രൈവർമാർ വൈകുന്നേരങ്ങളിൽ പെട്രോൾ നിറയ്ക്കുന്നതാണ് കൂടുതൽ അനുയോജ്യമെന്ന് നിർദേശിച്ച് ഇന്ധനവില വിദഗ്ധർ. വരാനിരിക്കുന്ന ലോംഗ് വീക്കെൻഡ് യാത്രാത്തിരക്കുകൾക്ക് മുന്നോടിയായി രാജ്യത്തെ ശരാശരി പെട്രോൾ വില ലിറ്ററിന് 1.90 ഡോളർ കടന്നതോടെയാണ് ഉപഭോക്താക്കൾക്ക് ആശ്വാസകരമായ ഈ കണ്ടെത്തൽ ശ്രദ്ധ നേടുന്നത്.
വിപണിയിലെ കടുത്ത മത്സരം കാരണം കൺവീനിയൻസ് സ്റ്റോറുകളോട് കൂടിയ ഭൂരിഭാഗം പെട്രോൾ പമ്പുകളും റീട്ടെയിൽ ലാഭവിഹിതം കുറച്ചുകൊണ്ട് വൈകുന്നേരങ്ങളിൽ കുറഞ്ഞ നിരക്കിൽ ഇന്ധനം വിതരണം ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. കാനഡയിലെ പ്രമുഖ ഇന്ധനവില നിരീക്ഷകനും ‘ഗ്യാസ് വിസാർഡ്’ വെബ്‌സൈറ്റിന്റെ സ്ഥാപകനുമായ ഡാൻ മക്റ്റീഗ് നടത്തിയ നിരീക്ഷണങ്ങളിലാണ് ഈ വിവരങ്ങളുള്ളത്. അറ്റ്ലാന്റിക് കാനഡ പോലുള്ള സർക്കാർ വില നിയന്ത്രണമുള്ള മേഖലകൾ ഒഴികെ, ടൊറന്റോ, വാൻകൂവർ, ഒട്ടാവ, മോൺട്രിയൽ തുടങ്ങിയ നഗരങ്ങളിലെല്ലാം ഈ വില വ്യത്യാസം പ്രകടമാണെന്ന് അദ്ദേഹം പറയുന്നു.
വൈകിട്ട് 6 മണിക്ക് ശേഷം പെട്രോൾ പമ്പുകൾ തങ്ങളുടെ ലാഭവിഹിതം കുറച്ച് ലിറ്ററിന് മൂന്ന് മുതൽ എട്ട് സെന്റ് വരെ വില കുറയ്ക്കാറുണ്ട്. പിന്നീട് അർധരാത്രിയോടെ വില പഴയ നിലയിലേക്ക് മടങ്ങുകയും ചെയ്യും. ഇന്ധനവില കുറച്ച് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിലൂടെ പമ്പുകളോട് ചേർന്നുള്ള സ്റ്റോറുകളിലെ വിൽപ്പന വർധിപ്പിക്കുകയാണ് ഉടമകൾ ലക്ഷ്യമിടുന്നത്.
ഈ രീതി സ്ഥിരമായി പിന്തുടരുന്നതിലൂടെ രണ്ട് വാഹനങ്ങളുള്ള ഒരു കുടുംബത്തിന് വർഷത്തിൽ ശരാശരി 500 ഡോളർ വരെ ലാഭിക്കാൻ സാധിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആഴ്ചയിലെ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ചകളിൽ വൈകിട്ട് 6 മണിക്ക് ശേഷം ഇന്ധനം നിറയ്ക്കുന്നതാണ് കൂടുതൽ പണം ലാഭിക്കാൻ സഹായിക്കുകയെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും നികുതികളും കാരണം പകൽ സമയങ്ങളിൽ കൂടുതലായി ചെലവഴിക്കേണ്ടി വരുന്ന സാധാരണക്കാർക്ക്, സമയക്രമത്തിലെ ഈ ചെറിയ മാറ്റം പോലും വലിയ സാമ്പത്തിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Wait until 6 pm; New way to reduce fuel costs in Canada









