റെജീന: പ്രാദേശിക പ്രതിഭകളുടെ നൂതനമായ കണ്ടുപിടുത്തങ്ങൾ കോർത്തിണക്കി സസ്കച്ചെവാൻ സയൻസ് സെന്ററിൽ സ്റ്റെം (STEM) പ്രദർശനം നടന്നു. നാനൻ അക്കാദമി സംഘടിപ്പിച്ച ‘ഐഡിയാസ് ടു ഇംപാക്ട്’ എന്ന പരിപാടിയിൽ റോബോട്ടിക്സ്, 3D ഡിസൈൻ, വീഡിയോ ഗെയിം നിർമ്മാണം തുടങ്ങി ആധുനിക സാങ്കേതിക വിദ്യയിലൂടെ വിവിധ പ്രോജക്റ്റുകളാണ് പ്രദർശിപ്പിച്ചത്. ഭാവിയിലെ സാങ്കേതിക വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവതലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം ഒരുക്കിയത്.
പ്രദർശനത്തിലെ പ്രധാന ആകർഷണം സസ്കചെവാൻ പോളിടെക്നിക്കിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഫേവർ ഒഡുവോലെ വികസിപ്പിച്ചെടുത്ത ‘അരാക്നോഡ് എഡ്യു’ (ArachnodeEdu) എന്ന റോബോട്ടായിരുന്നു. ആറുകാലുകളുള്ള ഈ ‘ഹെക്സാപോഡ്’ റോബോട്ട് റോബോട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം 2 (ROS 2) എന്ന സാങ്കേതിക വിദ്യയിലാണ് പ്രവർത്തിക്കുന്നത്. റാസ്ബെറി പൈ 5 എന്ന മിനി കമ്പ്യൂട്ടർ തലച്ചോറായി പ്രവർത്തിക്കുന്ന ഈ റോബോട്ടിനെ പി.എസ്.5 കൺട്രോളർ ഉപയോഗിച്ച് നിയന്ത്രിക്കാം. സങ്കീർണ്ണമായ കണക്കുകൂട്ടലുകളിലൂടെ റോബോട്ടിന്റെ ചലനങ്ങൾ കൃത്യമായി ഏകോപിപ്പിക്കാൻ ഫേവറിന് സാധിച്ചിട്ടുണ്ട്.
അഞ്ചുമാസത്തെ കഠിനാധ്വാനത്തിലൂടെയാണ് താൻ ഈ റോബോട്ടിനെ നിർമ്മിച്ചതെന്ന് ഫേവർ ഒഡുവോലെ പറഞ്ഞു. വ്യവസായ ശാലകളിലും കൃഷിസ്ഥലങ്ങളിലും റോബോട്ടിക്സിന്റെ സാധ്യതകൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, വിദ്യാർത്ഥികൾക്ക് ഇത്തരം കാര്യങ്ങൾ ലളിതമായി പഠിച്ചെടുക്കാൻ തന്റെ പ്രോജക്റ്റ് പ്രചോദനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്രസാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങൾ അടുത്തറിയാൻ അവസരമൊരുക്കിയ പ്രദർശനത്തിൽ ഇരുപത്തിയഞ്ചോളം വിദ്യാർത്ഥികളാണ് തങ്ങളുടെ പ്രോജക്റ്റുകൾ അവതരിപ്പിച്ചത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Notable STEM exhibition in Saskatchewan; Nanan Academy creates scientific wonder




