ഒട്ടാവ: തന്റെ ഔദ്യോഗിക പദവി ഒഴിയാൻ ഒരു മാസം ബാക്കിനിൽക്കെ, ഫ്രഞ്ച് ഭാഷ പഠിക്കുന്നതിനെ താൻ അതീവ ഗൗരവത്തോടെയാണ് കണ്ടിരുന്നതെന്ന് ഗവർണർ ജനറൽ മേരി സൈമൺ വ്യക്തമാക്കി. കാനഡയുടെ ഔദ്യോഗിക ഭാഷകളിലൊന്നായ ഫ്രഞ്ചിലുള്ള പ്രാവീണ്യക്കുറവിനെച്ചൊല്ലി തന്റെ ഭരണകാലയളവിൽ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. കഴിഞ്ഞ അഞ്ചു വർഷത്തെ പഠനത്തിലൂടെ ഫ്രഞ്ച് ഭാഷ വായിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് വർധിച്ചുവെന്നും എന്നാൽ പ്രായം മൂലമുള്ള പരിമിതികൾ സംഭാഷണത്തെ ബാധിച്ചിട്ടുണ്ടെന്നും സിടിവിക്ക് നൽകിയ അഭിമുഖത്തിൽ സൈമൺ അറിയിച്ചു.
2021-ൽ കാനഡയുടെ ആദ്യ തദ്ദേശീയ ഗവർണർ ജനറലായി ചുമതലയേറ്റ മേരി സൈമൺ ഇംഗ്ലീഷ്, ഇനക്ടിറ്റട്ട് (Inuktitut) എന്നീ ഭാഷകളിൽ പ്രാവീധ്യമുള്ള വ്യക്തിയാണ്. എന്നാൽ ഫ്രഞ്ച് ഭാഷ കൈകാര്യം ചെയ്യുന്നതിൽ അവർ നേരിട്ട വെല്ലുവിളി ഫ്രഞ്ച് സംസാരിക്കുന്ന കനേഡിയൻ പൗരന്മാരുടെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. തദ്ദേശീയ ഭാഷകൾ ഔദ്യോഗിക ഭാഷാ നിയമത്തിന്റെ പരിധിയിൽ വരുന്നില്ലെങ്കിലും അവ ഇംഗ്ലീഷിനും ഫ്രഞ്ചിനും തുല്യമാണെന്ന് താൻ വിശ്വസിക്കുന്നതായും തദ്ദേശീയ ഭാഷകളുടെ സംരക്ഷണത്തിനായി കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
മുൻ സുപ്രീം കോടതി ജസ്റ്റിസ് ലൂയിസ് അർബറിനെ അടുത്ത ഗവർണർ ജനറലായി പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ജൂൺ 8-നാണ് ലൂയിസ് അർബറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. തന്റെ പിൻഗാമിയോട് അനുരഞ്ജന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രയാസകരമായ ഘട്ടങ്ങളിൽ കനേഡിയൻ ജനതയ്‌ക്കൊപ്പം നിൽക്കാനും സൈമൺ നിർദേശിച്ചു. 1952-ന് ശേഷം നിയമിതരായ എല്ലാ ഗവർണർ ജനറൽമാരും ഇംഗ്ലീഷും ഫ്രഞ്ചും സംസാരിക്കുന്നവരായിരുന്നുവെന്ന ചരിത്രപരമായ പശ്ചാത്തലം നിലനിൽക്കെയാണ് സൈമണിന്റെ ഈ പ്രതികരണം.
ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കവേ എഴുത്തിലേക്കും മാനസികാരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളിലേക്കും താൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൈമൺ വ്യക്തമാക്കി. ഡെന്മാർക്കിലെ കനേഡിയൻ അംബാസഡറായും ഇനൂയിറ്റ് സിർക്കംപോളാർ കോൺഫറൻസ് അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് മേരി സൈമൺ. പദവി ഒഴിഞ്ഞ ശേഷം മാനസികാരോഗ്യ പ്രതിസന്ധി നേരിടുന്നവർക്കായി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നതായും അവർ അഭിമുഖത്തിൽ വ്യക്തമാക്കി.
No compromise on French language study: Mary Simon clarifies stance on language controversy
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



