മോങ്ക്ടൺ : ന്യൂ ബ്രൺസ്‌വിക്കിലെ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ഡോക്ടർമാർക്കും നഴ്‌സുമാർക്കും നൽകുന്നതിന് സമാനമായ ബോണസുകളും റിക്രൂട്ട്‌മെന്റ് ആനുകൂല്യങ്ങളും മറ്റ് ആരോഗ്യപ്രവർത്തകർക്കും നൽകണമെന്ന് ആവശ്യമുയരുന്നു. ഫ്രെഡറിക്ടണിലെ ഡോ. എവറസ്റ്റ് ചാൽമേഴ്‌സ് ആശുപത്രി (DECH), വാട്ടർവില്ലിലെ അപ്പർ റിവർ വാലി ആശുപത്രി എന്നിവിടങ്ങളിൽ മെഡിക്കൽ ഇമേജിംഗ് ടെക്നോളജിസ്റ്റുകളുടെ കടുത്ത ക്ഷാമം നേരിടുന്നതായി ഗ്രീൻ പാർട്ടി നേതാവ് ഡേവിഡ് കൂൺ പ്രവിശ്യാ നിയമസഭയിൽ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ കുറവ് മൂലം പിഇടി (PET), സിടി (CT), എംആർഐ (MRI) സ്‌കാനിംഗുകൾക്കായി രോഗികൾ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് ഗുരുതരമായ പ്രതിസന്ധിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്കിന്റെ കണക്കുകൾ പ്രകാരം ഫ്രെഡറിക്ടണിൽ 12 ഒഴിവുകളും വാട്ടർവില്ലിൽ മൂന്ന് ഒഴിവുകളും നിലവിലുണ്ട്. അയൽ പ്രവിശ്യയായ നോവ സ്കോഷ്യയിൽ നിലനിൽക്കുന്ന ഉയർന്ന വേതന വ്യവസ്ഥയും ആനുകൂല്യങ്ങളും ന്യൂ ബ്രൺസ്‌വിക്കിലെ നിയമനങ്ങളെയും ജീവനക്കാരെ നിലനിർത്തുന്നതിനെയും ബാധിക്കുന്നുണ്ടെന്ന് ഡേവിഡ് കൂൺ നിരീക്ഷിച്ചു. നിലവിൽ നഴ്‌സുമാർക്കും ഡോക്ടർമാർക്കും നൽകുന്ന റിട്ടൻഷൻ ബോണസ് ലാബ് ടെക്‌നീഷ്യൻമാർ ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാത്തതിൽ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി. ജീവനക്കാരുടെ കുറവ് മൂലം രോഗികൾക്ക് ചിലപ്പോൾ 300 ദിവസത്തിലധികം പരിശോധനകൾക്കായി കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് കനേഡിയൻ അസോസിയേഷൻ ഓഫ് മെഡിക്കൽ റേഡിയേഷൻ ടെക്‌നോളജിസ്റ്റ്‌സ് പ്രതിനിധി ജെന്നിഫർ കെയറിയും സ്ഥിരീകരിച്ചു.
അപ്പർ റിവർ വാലി ആശുപത്രിയിലെ പ്രസവചികിത്സാ വിഭാഗത്തിലെ സേവനങ്ങൾ തടസ്സപ്പെടുന്നതിനെക്കുറിച്ചും നിയമസഭയിൽ ചോദ്യങ്ങളുയർന്നു. സേവന തടസ്സം കാരണം കഴിഞ്ഞ മാസം രണ്ട് ഗർഭിണികൾക്ക് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടി വന്നതായി പ്രോഗ്രസീവ് കൺസർവേറ്റീവ് എംഎൽഎ ബിൽ ഹോഗൻ അറിയിച്ചു. ഇതിൽ ഒരു പ്രസവം പാതയോരത്തും മറ്റൊന്ന് ആശുപത്രിക്ക് മുന്നിലെ നടപ്പാതയിലുമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നുവെന്നും ഏകദേശം പത്ത് വർഷമായി നിലനിൽക്കുന്ന ഈ പ്രതിസന്ധിക്ക് താല്ക്കാലിക പരിഹാരത്തിന് പകരം വിദഗ്ധരായ ഡോക്ടർമാരെയും റിക്രൂട്ടർമാരെയും നിയമിച്ചുകൊണ്ട് ശാശ്വത പരിഹാരം കാണാനുള്ള ശ്രമത്തിലാണെന്നും ആരോഗ്യ മന്ത്രി ഡോ. ജോൺ ഡോർനൻ മറുപടി നൽകി.
New Brunswick hospitals face staff shortage: Demand for stronger bonuses and hiring practices
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



