ടൊറൻ്റോ: വിനോദസഞ്ചാര കപ്പലായ എംവി ഹോണ്ടിയസിൽ ഹാൻറാവൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ലോകരാജ്യങ്ങൾ അതീവ ജാഗ്രതയിൽ. കപ്പലിലുണ്ടായിരുന്ന മൂന്ന് പേർ രോഗബാധയെത്തുടർന്ന് ഇതിനോടകം മരണപ്പെട്ടു. 140-ഓളം യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുള്ളത്. രോഗവ്യാപനം തടയുന്നതിനായി ലോകാരോഗ്യ സംഘടനയുടെയും വിവിധ രാജ്യങ്ങളിലെ ആരോഗ്യ ഏജൻസികളുടെയും നേതൃത്വത്തിൽ ഏകോപിപ്പിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഈ വാരന്ത്യത്തോടെ കപ്പൽ സ്പെയിനിലെ കാനറി ദ്വീപുകളിൽ എത്തും. അവിടെ നിന്ന് യാത്രക്കാരെ അതത് രാജ്യങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള (Repatriation) നടപടികൾ പുരോഗമിക്കുകയാണ്. കാനഡ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്തിക്കും. സ്പാനിഷ് അധികൃതരുടെ മേൽനോട്ടത്തിൽ അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യാത്രക്കാരെ കപ്പലിൽ നിന്ന് മാറ്റുക.
രോഗബാധ റിപ്പോർട്ട് ചെയ്ത കപ്പലിൽ നിന്ന് ഏപ്രിൽ 25-ന് നേരത്തെ ഇറങ്ങിയ രണ്ട് കനേഡിയൻ പൗരന്മാർ ഇപ്പോൾ ഒൻ്റാറിയോയിലെ വസതിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ ഇവർക്ക് രോഗലക്ഷണങ്ങളില്ലെന്നും അതിനാൽ പൊതുജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഒൻ്റാറിയോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കീരൻ മൂർ അറിയിച്ചു. കപ്പലിൽ ബാക്കിയുള്ള നാല് കനേഡിയൻ പൗരന്മാരെയും ഞായറാഴ്ചയോടെ നാട്ടിലെത്തിക്കും. ഇവർക്ക് പുറമെ വിമാനയാത്രയ്ക്കിടെ രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ കൂടി ആരോഗ്യവകുപ്പ് നിരീക്ഷിച്ചു വരികയാണ്.
കാനഡയിൽ വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ജോസ് റീമർ വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിലൂടെ വൈറസ് പടരുമെന്നതിന് നിലവിൽ തെളിവുകളില്ല. എന്നിരുന്നാലും മുൻകരുതൽ എന്ന നിലയിൽ സമ്പർക്കപ്പട്ടികയിലുള്ളവർ 45 ദിവസത്തെ നിരീക്ഷണത്തിൽ തുടരണമെന്നാണ് നിർദ്ദേശം. കോവിഡ് കാലത്തെ അനുഭവപരിചയം മുൻനിർത്തി സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിലും പരിശോധനകൾ നടത്തുന്നതിലും രാജ്യം സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അമേരിക്കൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ടെനറൈഫിലേക്ക് (Tenerife) പ്രത്യേക വിമാനം അയക്കും. ഇതിനായി സ്പാനിഷ് സർക്കാരുമായും സിഡിസിയുമായും (CDC) ചർച്ചകൾ പൂർത്തിയാക്കി. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന യാത്രക്കാർക്കായി പ്രത്യേക മെഡിക്കൽ സൗകര്യങ്ങളുള്ള വിമാനങ്ങളാണ് സ്പെയിൻ ആവശ്യപ്പെട്ടിരിക്കുന്നത്. കപ്പലിൽ നിന്ന് ചെറിയ ബോട്ടുകളിൽ യാത്രക്കാരെ കരയിലെത്തിച്ച് അവിടെ നിന്ന് നേരിട്ട് വിമാനത്താവളത്തിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം.
Hantavirus outbreak: Those who returned from the ship are in isolation
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




