ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ നാവിക ദൗത്യം പുനരാരംഭിക്കാൻ അമേരിക്ക ഒരുങ്ങുന്നു. തങ്ങളുടെ സൈനിക താവളങ്ങളും വ്യോമപാതയും ഉപയോഗിക്കുന്നതിന് സൗദി അറേബ്യയും കുവൈറ്റും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതായാണ് റിപ്പോർട്ടുകൾ. നേരത്തെ ഇറാൻ മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയതോടെയാണ് സുരക്ഷാ കാരണങ്ങളാൽ ഇരുരാജ്യങ്ങളും സഹകരണം പിൻവലിച്ചിരുന്നത്. ഗൾഫ് രാജ്യങ്ങളുടെ പുതിയ തീരുമാനം ട്രംപ് ഭരണകൂടത്തിന്റെ സൈനിക നീക്കങ്ങൾക്ക് വലിയ ഊർജ്ജമാകും.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ നേരിട്ടുള്ള ചർച്ചകൾക്കൊടുവിലാണ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനമായത്. 36 മണിക്കൂർ മാത്രം നീണ്ടുനിന്ന ദൗത്യം മേഖലയിലെ അപകടസാധ്യതകൾ മുൻനിർത്തി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം, പെന്റഗൺ അധികൃതർ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും ഈ ആഴ്ച തന്നെ ദൗത്യം പുനരാരംഭിക്കുമെന്നുമാണ് സൂചന. കപ്പലുകൾക്ക് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന ശക്തമായ കവചമാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇതിനെ വിശേഷിപ്പിച്ചത്.
അമേരിക്കൻ നീക്കങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിന് മേൽ സ്വാധീനം ഉറപ്പിക്കാൻ ഇറാൻ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇതുവഴി കടന്നുപോകുന്ന കപ്പലുകൾ ‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി’യിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങണമെന്ന് ടെഹ്‌റാൻ ആവശ്യപ്പെട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ജീവനക്കാരുടെ വിവരങ്ങളും ചരക്ക് സംബന്ധിച്ച രേഖകളും മുൻകൂട്ടി സമർപ്പിക്കണം. തെറ്റായ വിവരങ്ങൾ നൽകുന്നവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫുജൈറയിലെ എണ്ണ കയറ്റുമതി കേന്ദ്രത്തിന് നേരെ നേരത്തെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു.
സൈനിക നീക്കങ്ങൾ തുടരുമ്പോഴും നയതന്ത്ര തലത്തിൽ ഹ്രസ്വകാല വെടിനിർത്തൽ കരാറിനായുള്ള സാധ്യതകൾ അമേരിക്കയും ഇറാനും തേടുന്നുണ്ട്. നിലവിലെ സംഘർഷം ഒഴിവാക്കി 30 ദിവസത്തെ ചർച്ചകളിലൂടെ വലിയൊരു സമാധാന കരാറിലെത്താനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്. എങ്കിലും ഇറാന്റെ ആണവ പദ്ധതിയടക്കമുള്ള പ്രധാന തർക്കങ്ങളിൽ ഇതുവരെ ധാരണയായിട്ടില്ല. ആഗോള എണ്ണ വിപണിയെ ബാധിക്കുന്ന തരത്തിൽ സംഘർഷം വളരാതിരിക്കാനാണ് രാജ്യാന്തര തലത്തിൽ നയതന്ത്ര പ്രതിനിധികൾ മുൻഗണന നൽകുന്നത്.
‘Project Freedom’ resumes in Hormuz; Saudi Arabia and Kuwait support America
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





