ഒട്ടാവ: കാനഡ റവന്യൂ ഏജൻസിയിൽ (CRA) കഴിഞ്ഞ ആറ് വർഷത്തിനിടെ വൻതോതിലുള്ള സുരക്ഷാവീഴ്ച നടന്നതായി റിപ്പോർട്ട്. 2020 മുതൽ ഇതുവരെ 42,000-ത്തിലധികം തവണ നികുതിദായകരുടെ സ്വകാര്യ വിവരങ്ങളിൽ അനധികൃതമായി കടന്നുകയറ്റമോ മാറ്റങ്ങളോ വരുത്തിയതായാണ് കണ്ടെത്തൽ. കാനഡ പ്രൈവസി കമ്മീഷണർ ഫിലിപ്പ് ഡുഫ്രെസ്നെ പാർലമെന്റിൽ സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്.
സുരക്ഷാ വീഴ്ചകൾ തടയുന്നതിലും അവ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിലും റവന്യൂ ഏജൻസിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഏജൻസിയുടെ ട്രാക്കിംഗ് സംവിധാനങ്ങളിലെ പോരായ്മകൾ കാരണം നടന്ന എല്ലാ ലംഘനങ്ങളുടെയും പൂർണ്ണമായ വിവരങ്ങൾ നൽകാൻ പോലും സിആർഎയ്ക്ക് സാധിച്ചിട്ടില്ല. ലംഘനങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവും കൃത്യമായ നിരീക്ഷണ സംവിധാനത്തിന്റെ അഭാവവുമാണ് തിരിച്ചടിയായത്.
അക്കൗണ്ടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി നടപ്പിലാക്കേണ്ട ‘മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ’ (MFA) സംവിധാനം കൃത്യസമയത്ത് ഏർപ്പെടുത്തുന്നതിൽ ഏജൻസി പരാജയപ്പെട്ടതായി കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. സൈബർ സുരക്ഷാ രംഗത്തെ മികച്ച മാതൃകകൾ പിന്തുടരുന്നതിൽ സിആർഎ വിമുഖത കാട്ടി. പലപ്പോഴും ഹാക്കർമാർ എങ്ങനെയാണ് സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ചതെന്ന് വിശദീകരിക്കാൻ പോലും ഏജൻസിക്ക് കഴിഞ്ഞിട്ടില്ല എന്നത് ആശങ്കാജനകമാണ്.
സാഹചര്യം ഗൗരവകരമായി കണ്ട കമ്മീഷണർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം പൂർണ്ണമായും ഒന്ന് ഭാഗികമായും നടപ്പിലാക്കാമെന്ന് റവന്യൂ ഏജൻസി സമ്മതിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ സാമ്പത്തിക വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിലെ ഈ വീഴ്ച കനേഡിയൻ നികുതിദായകർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് അധികൃതരുടെ നീക്കം.
Major security breach at Canada Revenue Agency; Data of over 42,000 taxpayers reported leaked
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




