ലോസ് ഏഞ്ചൽസ്: പ്രമുഖ ഹോളിവുഡ് നടനും നിർമ്മാതാവുമായ പാട്രിക് മൾഡൂണിനെ (57) അന്തരിച്ചു. ഞായറാഴ്ച രാവിലെ കാലിഫോർണിയയിലെ ബെവർലി ഹിൽസിലുള്ള വസതിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ‘സ്റ്റാർഷിപ്പ് ട്രൂപ്പേഴ്സ്’, ‘മെൽറോസ് പ്ലേസ്’ തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് പരിചിതനായ മുഖമാണ് പാട്രിക് മൾഡൂണിന്റേത്.
ഞായറാഴ്ച രാവിലെ കുളി കഴിഞ്ഞ് മടങ്ങിയെത്തിയ പാട്രിക്കിനെ ബാത്ത്റൂമിലെ തറയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പങ്കാളി മിറിയം റോത്ത്ബാർട്ട് അറിയിച്ചു. ഉടൻ തന്നെ സഹായമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാട്രിക്കിന്റെ സഹോദരി ഷാന മൾഡൂൺ സാപ്പ ഇൻസ്റ്റഗ്രാമിലൂടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. തികച്ചും ആരോഗ്യവാനും സന്തോഷവാനുമായിരുന്ന ഒരാൾ പെട്ടെന്ന് ഈ ലോകത്തുനിന്ന് വിട്ടുപിരിഞ്ഞത് വിശ്വസിക്കാനാകുന്നില്ലെന്ന് കുടുംബം പ്രതികരിച്ചു.
കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം പാട്രിക് പാട്ടുപാടി ആഘോഷിക്കുന്ന വീഡിയോയും ഷാന പങ്കുവെച്ചിട്ടുണ്ട്. പാട്രിക് മൾഡൂണിന്റെ വിയോഗത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. നടിയും പാട്രിക്കിന്റെ അടുത്ത സുഹൃത്തുമായ ഡെനിസ് റിച്ചാർഡ്സ് പങ്കുവെച്ച കുറിപ്പ് സിനിമാലോകത്തെ നൊമ്പരപ്പെടുത്തി. “എന്റെ ഉറ്റസുഹൃത്തിനെയും കുടുംബത്തെയുമാണ് എനിക്ക് നഷ്ടമായത്, ഹൃദയം തകർന്നിരിക്കുന്നു,” എന്നായിരുന്നു ഡെനിസിന്റെ പ്രതികരണം. 36 വർഷത്തെ നീണ്ട സൗഹൃദമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. 1997-ൽ പുറത്തിറങ്ങിയ ‘സ്റ്റാർഷിപ്പ് ട്രൂപ്പേഴ്സ്’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
1990-കളിൽ ‘ഡേയ്‌സ് ഓഫ് അവർ ലൈവ്‌സ്’ എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് പാട്രിക് അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായ അദ്ദേഹം നിർമ്മാണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ഈ മാസം അവസാനം പുറത്തിറങ്ങാനിരിക്കുന്ന ‘ഡേർട്ടി ഹാൻഡ്‌സ്’ എന്ന ക്രൈം ത്രില്ലറിലാണ് പാട്രിക് അവസാനമായി വേഷമിട്ടത്. തന്റെ പ്രിയതാരം ഓർമ്മയാകുമ്പോൾ, ആരാധകർക്ക് അദ്ദേഹം സ്ക്രീനിൽ ബാക്കിവെച്ച അനശ്വര കഥാപാത്രങ്ങൾ എന്നും ഒരു വിങ്ങലായി അവശേഷിക്കും.
Hollywood star Patrick Muldoon passes away; death due to heart attack
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






