സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കും സ്വർണ്ണക്കടത്ത് ആരോപണങ്ങൾക്കും പരിഹാസരൂപേണ മറുപടി നൽകി രേണു സുധി. രേണുവിന്റെ വിദേശയാത്രകൾ സ്വർണ്ണം കടത്താനാണെന്ന തരത്തിൽ ചില വ്ലോഗർമാർ പ്രചരിപ്പിച്ച വാർത്തകൾക്കാണ് താരം ഇപ്പോൾ ചുട്ട മറുപടി നൽകിയിരിക്കുന്നത്. താനും മാനേജരും ശരീരം മുഴുവൻ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞുനിൽക്കുന്ന ഒരു എഐ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രേണു രംഗത്തെത്തിയത്. “ഞങ്ങളെ കൊണ്ട് ഇത്രയേ കടത്താൻ പറ്റിയുള്ളൂ” എന്ന ക്യാപ്ഷൻ ഈ ചിത്രത്തിന് നൽകിയതിലൂടെ വിമർശകരുടെ വായടപ്പിക്കുകയാണ് താരം ചെയ്തിരിക്കുന്നത്.
തന്റെ പോസ്റ്റിലൂടെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ പോലും താരം പരിഹാസത്തിന് ഇരയാക്കി. കൊച്ചി എയർപോർട്ടിലെ കസ്റ്റംസ് ഓഫീസർമാരും പോലീസുകാരുമെല്ലാം അവിടെ ‘ഊഞ്ഞാലാടാൻ’ ഇരിക്കുന്നത് കൊണ്ടാണ് സ്വർണ്ണക്കടത്ത് എളുപ്പമാകുന്നതെന്നും, ഇത്തവണ ഇത്രയേ കൊണ്ടുവരാൻ പറ്റിയുള്ളൂ എന്നും താരം കുറിച്ചു. “അടുത്ത തവണ നോക്കാം” എന്ന പരിഹാസം കൂടിയായപ്പോൾ താരത്തിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് ഇതിലും നല്ലൊരു മറുപടി നൽകാനില്ലെന്നാണ് ആരാധകരുടെ പക്ഷം.
കൊല്ലം സുധിയുടെ മരണശേഷം രേണുവിനെതിരെ തുടർച്ചയായ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. താരം അഭിനയത്തിലേക്ക് കടന്നതും, പിന്നാലെ മകൻ കിച്ചുവിനെ
ചൊല്ലിയുണ്ടായ വിവാദങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കിച്ചുവും രേണുവും തമ്മിലുള്ള പ്രശ്നങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ചർച്ചകൾ. കിച്ചു തന്നെ തള്ളിപ്പറഞ്ഞാലും അമ്മയെന്ന നിലയിലുള്ള സ്നേഹം എന്നും ഉണ്ടാകുമെന്നും, 22 വയസ്സുള്ള അവനെ അവന്റെ വഴിക്ക് വിടുമെന്നും രേണു അടുത്തിടെ വ്യക്തമാക്കിയിരുന്നു.
രേണുവിന്റെ ഈ ‘തഗ്’ മറുപടിക്ക് പിന്നാലെ കമന്റ് ബോക്സുകളിൽ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഭൂരിഭാഗം പേരും രേണുവിനെ പിന്തുണച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. എന്തിനും ഏതിനും കുറ്റം പറയുന്ന വ്ലോഗർമാർക്ക് ഇത് കൃത്യമായ മറുപടിയാണെന്ന് ആരാധകർ പറയുമ്പോൾ, രേണുവിന്റെ പ്രതികരണ രീതിയെ വിമർശിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും സ്വർണ്ണക്കടത്ത് ആരോപണത്തെ തമാശയായി കണ്ട് തള്ളിക്കളഞ്ഞ രേണുവിന്റെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് ഒരു വിഭാഗം.
Renu Sudhi’s Strong Reply to Gold Smuggling Claims
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





