ഒട്ടാവ : കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി കാനഡ പോസ്റ്റ് വീട്ടുപടിക്കലുള്ള തപാൽ വിതരണം (ഡോർ-ടു-ഡോർ ഡെലിവറി) ഘട്ടംഘട്ടമായി നിർത്തലാക്കുന്നു. ആദ്യഘട്ടത്തിൽ 13 കമ്മ്യൂണിറ്റികളിലായി 1,36,000 വിലാസങ്ങളിലേക്കുള്ള നേരിട്ടുള്ള വിതരണം നിർത്തുമെന്നും പകരം ‘കമ്മ്യൂണിറ്റി മെയിൽബോക്സുകൾ’ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ 40 ലക്ഷം വിലാസങ്ങളിൽ ഈ മാറ്റം നടപ്പിലാക്കാനാണ് പൊതുമേഖലാ സ്ഥാപനമായ കാനഡ പോസ്റ്റ് ലക്ഷ്യമിടുന്നത്.
ഒട്ടാവ, എറ്റോബിക്കോക്ക്, വാൻകൂവർ തുടങ്ങിയ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ മെയിൽബോക്സുകൾ സ്ഥാപിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ, ഒന്റാറിയോ എന്നിവിടങ്ങളിലെ കൂടുതൽ മേഖലകളെയും ക്യുബെക്, വിന്നിപെഗ്, ന്യൂ ബ്രൺസ്വിക്ക് എന്നിവിടങ്ങളിലെ ചില പോസ്റ്റൽ കോഡുകളെയും ഈ തീരുമാനം ബാധിക്കും. ഈ വർഷം അവസാനത്തോടെയോ 2027 ആദ്യമോ പുതിയ സംവിധാനം നിലവിൽ വരുമെന്നാണ് കണക്കാക്കുന്നത്. മെയിൽബോക്സുകൾ സ്ഥാപിക്കുന്നതിന് മുൻപായി അതാത് കമ്മ്യൂണിറ്റികളുമായി ചർച്ചകൾ നടത്തുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
വീട്ടുപടിക്കൽ സേവനം നൽകുന്നതിന് കമ്മ്യൂണിറ്റി മെയിൽബോക്സുകളെ അപേക്ഷിച്ച് ഇരട്ടി ചിലവ് വരുന്നുണ്ടെന്ന് കാനഡ പോസ്റ്റ് വക്താവ് ജോൺ ഹാമിൽട്ടൺ വ്യക്തമാക്കി. ഈ പുനഃക്രമീകരണത്തിലൂടെ പ്രതിവർഷം 400 മില്യൺ ഡോളർ ലാഭിക്കാൻ കഴിയുമെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ. 2018 മുതൽ കാനഡ പോസ്റ്റ് ഏകദേശം 3.8 ബില്യൺ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. നികുതിപ്പണത്തെ ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കാനാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, കാനഡ പോസ്റ്റിന്റെ തീരുമാനത്തെ തപാൽ ജീവനക്കാരുടെ സംഘടനയായ സി.യു.പി.ഡബ്ല്യു (CUPW) ശക്തമായി എതിർത്തു. ഈ നീക്കം പൊതുജനങ്ങളെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുമെന്ന് സംഘടന ആരോപിച്ചു. കമ്മ്യൂണിറ്റി മെയിൽബോക്സുകൾ ഉപയോഗിക്കാൻ ശാരീരിക ബുദ്ധിമുട്ടുള്ളവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. പുതിയ കരാറുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് ഈ നിർണ്ണായക പ്രഖ്യാപനം വന്നിരിക്കുന്നത്.
Canada Post to end door-to-door service; mail now in community boxes
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



