ഒട്ടാവ : കാനഡയെയും അമേരിക്കയെയും ബന്ധിപ്പിക്കുന്ന ഗോർഡി ഹൗ അന്താരാഷ്ട്ര പാലത്തിന്റെ ഉദ്ഘാടന തീയതി നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും അതീവ രഹസ്യമായി നടത്തുന്നതായി റിപ്പോർട്ട്. പാലം തുറക്കുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ, വിവാദങ്ങൾ ഒഴിവാക്കാനാണ് ഈ നീക്കമെന്ന് ചർച്ചകളിൽ പങ്കാളിയായ ഒരു അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
2026 വസന്തകാലത്ത് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് വിൻഡ്‌സർ-ഡെട്രോയിറ്റ് ബ്രിഡ്ജ് അതോറിറ്റി അറിയിച്ചു. എന്നാൽ കൃത്യമായ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ടോളിംഗ് സംവിധാനം, ട്രാഫിക് മാനേജ്‌മെന്റ് സെന്റർ, പാലത്തിലെ ലൈറ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട അവസാനഘട്ട പരിശോധനകളും ക്രമീകരണങ്ങളും നടന്നു വരികയാണെന്ന് ബ്രിഡ്ജ് അതോറിറ്റി ചീഫ് റിലേഷൻസ് ഓഫീസർ ഹെതർ ഗ്രോണ്ടിൻ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങളുടെ പേരിൽ പാലം തുറക്കുന്നത് തടയുമെന്ന് ഫെബ്രുവരി 9-ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. കാനഡ അമേരിക്കയോട് നീതിപൂർവ്വം പെരുമാറുന്നില്ലെന്നും പാലത്തിന്റെ നിർമ്മാണത്തിൽ അമേരിക്കൻ വിഭവങ്ങളുടെ കുറവുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയ്ക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ പാലം തുറക്കാൻ അനുവദിക്കില്ലെന്നായിരുന്നു ട്രംപിന്റെ നിലപാട്.
6.4 ബില്യൺ ഡോളർ ചിലവിൽ നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം വൈകുന്നതിൽ ട്രംപിന്റെ ഭീഷണിക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് കാനഡ സർക്കാർ നേരിട്ട് മറുപടി നൽകിയിട്ടില്ല. ഗുണനിലവാര പരിശോധനകളും കമ്മീഷൻ നടപടികളും പൂർത്തിയാകുന്ന മുറയ്ക്ക് കൃത്യമായ തീയതി പ്രഖ്യാപിക്കുമെന്ന് ഹൗസിംഗ്, ഇൻഫ്രാസ്ട്രക്ചർ ആൻഡ് കമ്മ്യൂണിറ്റീസ് വകുപ്പ് അറിയിച്ചു. പാലത്തിലെ ടോൾ ഇളവ് പദ്ധതിയായ ‘ബ്രേക്ക് എവേ’ (Breakaway) വഴി ഇതിനോടകം പന്തീരായിരത്തിലധികം ട്രാൻസ്പോണ്ടറുകൾ വിറ്റഴിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
Gordie Howe Bridge inauguration: Talks reportedly continuing in secret to avoid Trump’s protests
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



