ബ്രിട്ടീഷ് കൊളംബിയ: പ്രവിശ്യ ഗവൺമെന്റ് ഓട്ടിസം ഫണ്ടിംഗിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ വിക്ടോറിയയിൽ രക്ഷിതാക്കളും കുട്ടികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എൻ.ഡി.പി സർക്കാർ കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾ തങ്ങളുടെ കുട്ടികൾക്ക് ലഭിച്ചിരുന്ന നേരിട്ടുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കുമെന്ന് ആരോപിച്ചാണ് നൂറുകണക്കിന് ആളുകൾ സഭയ്ക്ക് മുന്നിൽ ഒത്തുകൂടിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മാഡിസൺ ഉൾപ്പെടെയുള്ള കുട്ടികൾ തങ്ങളുടെ അവകാശങ്ങൾക്കായി പ്ലക്കാർഡുകൾ ഏന്തി പ്രതിഷേധത്തിൽ പങ്കെടുത്തു.
പുതിയ നയം അനുസരിച്ച് ഉയർന്ന പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് കൂടുതൽ തുക ലഭിക്കുമെങ്കിലും കുറഞ്ഞ തോതിൽ പിന്തുണ വേണ്ടവർക്ക് നിലവിലുള്ള സാമ്പത്തിക സഹായം പൂർണ്ണമായും നഷ്ടപ്പെടുകയോ വെട്ടിച്ചുരുക്കപ്പെടുകയോ ചെയ്യും. ഇത്തരത്തിൽ ഏകദേശം പതിനായിരത്തോളം കുട്ടികൾക്ക് സഹായം ഇല്ലാതാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വർഷങ്ങളായി തങ്ങളുടെ കുട്ടികളെ ചികിത്സിക്കുന്ന വിദഗ്ധരായ തെറാപ്പിസ്റ്റുകളുടെ സേവനം ഇതോടെ നഷ്ടപ്പെടുമെന്ന് രക്ഷിതാക്കൾ ആശങ്കപ്പെടുന്നു. നേരിട്ടുള്ള സാമ്പത്തിക സഹായം നിലച്ചാൽ കുട്ടികളുടെ ഭാവി അവതാളത്തിലാകുമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത അമ്മമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഭിന്നശേഷി വിഭാഗത്തിലുള്ള എല്ലാ കുട്ടികളെയും ഉൾക്കൊള്ളാനാണ് ഈ മാറ്റമെന്ന് ചിൽഡ്രൻ ആൻഡ് ഫാമിലി ഡെവലപ്‌മെന്റ് മന്ത്രി ജോഡി വിക്കൻസ് വ്യക്തമാക്കി. ഡൗൺ സിൻഡ്രോം, ഫെറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡർ തുടങ്ങിയ അവസ്ഥകളുള്ള കുട്ടികൾക്ക് ആദ്യമായി സഹായം ലഭ്യമാക്കാൻ 475 മില്യൺ ഡോളറിന്റെ പുതിയ നിക്ഷേപം നടത്തുമെന്നും സർക്കാർ അറിയിച്ചു. എന്നാൽ ഒരു വിഭാഗത്തിന് സഹായം നൽകുന്നത് മറ്റൊരു വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ കവർന്നെടുത്തുകൊണ്ടാകരുതെന്ന് ബി.സി. കൺസർവേറ്റീവ് പാർട്ടി പ്രതിനിധികൾ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Parents, kids protest autism funding changes at B.C legislature



