തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ വോട്ടിങ് യന്ത്രത്തിലെ തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. നിലവിൽ വോട്ടിങ് യന്ത്രത്തിൽ ‘അഞ്ജലി പി.വി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മാറ്റി ‘അഞ്ജലി നായർ’ എന്ന് രേഖപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. അഞ്ജലിയുടെ ഹർജി നാളെ കോടതി പരിഗണിച്ചേക്കും.
തിരഞ്ഞെടുപ്പ് പത്രികയിൽ ‘അഞ്ജലി പി.വി’ എന്നാണ് നൽകിയിട്ടുള്ളതെങ്കിലും പൊതുജീവിതത്തിലും ചലച്ചിത്ര മേഖലയിലും താൻ ‘അഞ്ജലി നായർ’ എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് സ്ഥാനാർത്ഥി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും പോസ്റ്ററുകളും ഈ പേരിലാണ് നടത്തിയത്. വോട്ടിങ് യന്ത്രത്തിൽ മറ്റൊരു പേര് വരുന്നത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഇത് തന്റെ വിജയസാധ്യതയെ ബാധിക്കുമെന്നും അഞ്ജലി ഹർജിയിൽ വ്യക്തമാക്കുന്നു. പേര് മാറ്റത്തിനായി ജില്ലാ വരണാധികാരിക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.
പരമ്പരാഗതമായി ബിജെപി മത്സരിക്കുന്ന തൃപ്പൂണിത്തുറ മണ്ഡലം ഇത്തവണ എൻഡിഎ സഖ്യകക്ഷിയായ ട്വന്റി 20ക്കാണ് നൽകിയിരിക്കുന്നത്. ‘ചക്ക’ അടയാളത്തിലാണ് അഞ്ജലി നായർ ജനവിധി തേടുന്നത്. എൽഡിഎഫിന് വേണ്ടി കെ.എൻ. ഉണ്ണികൃഷ്ണനും യുഡിഎഫിന് വേണ്ടി ദീപക് ജോയിയുമാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. പേര് മാറ്റവുമായി ബന്ധപ്പെട്ട കോടതി വിധി പ്രചാരണ രംഗത്ത് നിർണ്ണായകമാകുമെന്നാണ് മുന്നണികൾ വിലയിരുത്തുന്നത്.
NDA candidate approaches High Court demanding ‘Anjali Nair’ in voting machine
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



