ഒട്ടാവ: കാനഡയുടെ കുടിയേറ്റ ചരിത്രത്തിലെ തന്നെ നിർണ്ണായകമായ ‘ബിൽ സി-12’ (Bill C-12) ഔദ്യോഗികമായി നിയമമായി മാറി. ‘സ്ട്രെങ്തനിങ് കാനഡാസ് ഇമിഗ്രേഷൻ സിസ്റ്റം ആൻഡ് ബോർഡേഴ്സ് ആക്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ ബില്ലിന് 2026 മാർച്ച് 26-നാണ് അംഗീകാരം (Royal Assent) ലഭിച്ചത്. ഇതോടെ അഭയാർത്ഥി അപേക്ഷകൾ നൽകുന്നവർക്കും താൽക്കാലിക താമസക്കാർക്കും കടുപ്പമേറിയ നിബന്ധനകളാണ് നിലവിൽ വന്നിരിക്കുന്നത്.
അഭയാർത്ഥി പദവിക്ക് അപേക്ഷിക്കുന്നവർക്കായി രണ്ട് പ്രധാന നിയന്ത്രണങ്ങളാണ് പുതിയ നിയമം മുന്നോട്ട് വെക്കുന്നത്. 2020 ജൂൺ 24-ന് ശേഷം കാനഡയിൽ എത്തിയവർക്ക്, പ്രവേശിച്ച് ഒരു വർഷത്തിനുള്ളിൽ അപേക്ഷ നൽകിയില്ലെങ്കിൽ പിന്നീട് ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡിന്റെ (IRB) പൂർണ്ണമായ ഹിയറിംഗിന് അർഹതയുണ്ടാവില്ല. അതുപോലെ, ഔദ്യോഗിക അതിർത്തി കടക്കാതെ യുഎസ് അതിർത്തി വഴി കാനഡയിലെത്തി 14 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും ഈ ആനുകൂല്യം ലഭിക്കില്ല. ഇങ്ങനെയുള്ളവർക്ക് രാജ്യത്ത് നിന്ന് പുറത്താക്കപ്പെടുന്നതിന് മുൻപുള്ള റിസ്ക് അസസ്മെന്റ് (PRRA) നടപടികൾ മാത്രമായിരിക്കും ഇനി ലഭ്യമാകുക.

അടിയന്തര സാഹചര്യങ്ങളിൽ വിസകൾ, വർക്ക് പെർമിറ്റുകൾ തുടങ്ങിയ ഇമിഗ്രേഷൻ രേഖകൾ കൂട്ടത്തോടെ റദ്ദാക്കാനോ മാറ്റം വരുത്താനോ സർക്കാരിന് പുതിയ നിയമം അധികാരം നൽകുന്നുണ്ട്. കൂടാതെ, കുടിയേറ്റക്കാരുടെ വിവരങ്ങൾ മറ്റ് സർക്കാർ വകുപ്പുകളുമായി പങ്കുവെക്കാനുള്ള അധികാരം വിപുലീകരിച്ചു. കാനഡയുടെ കുടിയേറ്റ സംവിധാനത്തിലെ ബാക്ക്ലോഗ് കുറയ്ക്കാനും കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഈ മാറ്റങ്ങളെന്ന് ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലെഗ് ഡിബ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada passes greatest immigration reforms in decades



