ടെഹ്റാൻ: അമേരിക്കയുടെ കരുത്തുറ്റ എഫ്-15 യുദ്ധവിമാനം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. വിമാനം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടെങ്കിലും സംഭവത്തിൽ അമേരിക്ക ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഹോർമൂസ് തീരത്തുണ്ടായ ഈ പ്രത്യാക്രമണം മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാനെതിരെയുള്ള സൈനിക നടപടികൾ അമേരിക്ക കടുപ്പിക്കുമെന്ന സൂചനകൾക്കിടയിൽ, ബ്രിട്ടന്റെ അത്യാധുനിക ആണവ അന്തർവാഹിനിയായ എച്ച്എംഎസ് ആൻസൺ അറബിക്കടലിൽ നിലയുറപ്പിച്ചു. 1,600 കിലോമീറ്റർ പ്രഹരശേഷിയുള്ള ടോമഹോക്ക് മിസൈലുകളുമായാണ് ബ്രിട്ടന്റെ ഈ നീക്കം. ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാമെന്ന ധാരണയ്ക്ക് പിന്നാലെയാണിത്.
അതേസമയം, ഇസ്രയേലിലെ ഡിമോണ നഗരത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഷിമൺ പെരസ് ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുണ്ടായ ആക്രമണത്തിൽ ചെറിയ തോതിൽ തീപിടുത്തമുണ്ടായെങ്കിലും ആണവ വികിരണം സംഭവിച്ചിട്ടില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി സ്ഥിരീകരിച്ചു. നതാൻസ് ആണവനിലയത്തിന് നേരെ നടന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ഇറാൻ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Iran claims to have shot down a US fighter jet



