ഒട്ടാവ: ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി വിവിധ ഫെഡറൽ വകുപ്പുകളിൽ നിന്നും ഏജൻസികളിൽ നിന്നുമായി 12,000-ത്തിലധികം ഫുൾ-ടൈം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് കാർണി സർക്കാർ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ബില്യൺ ഡോളറുകളുടെ ലാഭമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വകുപ്പുതല റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് തൊഴിൽനഷ്ടം സംബന്ധിച്ച കൃത്യമായ കണക്കുകൾ വ്യക്തമായത്.
സർക്കാർ നിശ്ചയിച്ചിട്ടുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഒട്ടുമിക്ക വകുപ്പുകളിലും തസ്തികകളുടെ എണ്ണം കുറയ്ക്കും. പബ്ലിക് സർവീസസ് ആൻഡ് പ്രോക്യൂർമെന്റ് കാനഡയിൽ നിന്ന് 1,793 സ്ഥാനങ്ങളും ഹെൽത്ത് കാനഡയിൽ നിന്ന് 942 തസ്തികകളും സ്റ്റാറ്റിസ്റ്റിക്സ് കാനഡയിൽ നിന്ന് 900 തസ്തികകളും നീക്കം ചെയ്യാനാണ് നിലവിലെ തീരുമാനം. ലൂണർ റോവർ മിഷൻ അവസാനിപ്പിക്കാനുള്ള സ്പേസ് ഏജൻസിയുടെ തീരുമാനവും പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള സൈനിക ഉപകരണങ്ങളുടെയും സ്വത്തുക്കളുടെയും വിൽപനയും ഈ സാമ്പത്തിക പുനക്രമീകരണത്തിന്റെ ഭാഗമാണ്. സേവനങ്ങൾ ലളിതമാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും വിവിധ വകുപ്പുകൾ പദ്ധതിയിടുന്നുണ്ട്.
അതേസമയം, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ഫെഡറൽ തൊഴിലാളി യൂണിയനുകളും പ്രതിപക്ഷവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് കേവലം ചെലവ് ചുരുക്കലല്ലെന്നും പൊതുജന സേവന മേഖലയെ തകർക്കാനുള്ള നീക്കമാണെന്നും പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ പ്രസിഡന്റ് ഷാരൺ ഡീസൂസ കുറ്റപ്പെടുത്തി. കൃത്യമായ കർമ്മപദ്ധതിയില്ലാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. വരും ദിവസങ്ങളിൽ പാർലമെന്ററി കമ്മിറ്റികളിൽ ഈ വിഷയം സജീവ ചർച്ചയാകാനാണ് സാധ്യത. 12,000 തസ്തികകൾ ഇല്ലാതാകുന്നത് സാധാരണക്കാർക്ക് ലഭിക്കേണ്ട സർക്കാർ സേവനങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Major restructuring in federal service; Carney government closes 12,000 posts



