ടെഹ്‌റാൻ: ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരീജാനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ യുദ്ധഭീതി ശക്തമാകുന്നു. ലാരീജാനിയുടെ വധത്തിന് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി മുന്നറിയിപ്പ് നൽകി. ലാരീജാനിയുടെ ഓരോ തുള്ളി രക്തത്തിനും ഇസ്രയേലും അമേരിക്കയും വലിയ വില നൽകേണ്ടി വരുമെന്നും നീതി നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ശത്രുക്കളുടെ ഭീരുത്വമാണ് ഇത്തരം ഭീകര പ്രവർത്തനങ്ങളിലൂടെ വെളിവാകുന്നതെന്നും ഖമനയി കൂട്ടിച്ചേർത്തു.
ഇസ്രയേൽ പ്രതിരോധ സേന (IDF) നടത്തിയ കൃത്യമായ വ്യോമാക്രമണത്തിലാണ് ലാരീജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ (എസ്.എസ്.എൻ.എസ്.സി) മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്റെ നയതന്ത്ര-പ്രതിരോധ മേഖലകളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന വ്യക്തിയുടെ വിയോഗം രാജ്യത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ലാരീജാനിയുടെ വധത്തിന് പിന്നാലെ ഇറാന്റെ പുതിയ സുരക്ഷാ മേധാവി ആരാകുമെന്ന ചർച്ചകളും ടെഹ്‌റാനിൽ സജീവമാണ്. ഐ.ആർ.ജി.സി മുൻ കമാൻഡർ മൊഹ്‌സെൻ റെസായിയുടെ പേരിനാണ് നിലവിൽ മുൻതൂക്കം. മുജ്തബ ഖമനയിയുടെ സീനിയർ സൈനിക ഉപദേശകനായി പ്രവർത്തിക്കുന്ന റെസായിയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ പദവിയിലേക്ക് നിയമിച്ചത്. ലാറിജാനിയുടെ ഒഴിവിലേക്ക് റെസായിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഇറാൻ സൈനിക ചരിത്രത്തിലെ കരുത്തനായ നേതാവായാണ് മൊഹ്‌സെൻ റെസായി അറിയപ്പെടുന്നത്. 1981 മുതൽ 1997 വരെ നീണ്ട 16 വർഷം ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സിന്റെ (IRGC) കമാൻഡർ ഇൻ ചീഫായിരുന്നു അദ്ദേഹം. കേവലം 27-ാം വയസ്സിൽ സൈന്യത്തിന്റെ തലപ്പത്തെത്തിയ റെസായി, ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലും സജീവ സാന്നിധ്യമായിരുന്നു. പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ റെസായിയുടെ സൈനിക പരിചയം ഇറാന് കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
iran-vows-revenge-for-national-security-chief-ali-larijani-s-assassination
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



