ലണ്ടൻ: ബ്രിട്ടനിലെ കാന്റർബറിയിൽ മെനിഞ്ചൈറ്റിസ് (മസ്തിഷ്ക ജ്വരം) പടർന്നുപിടിക്കുന്നു. രോഗബാധയെത്തുടർന്ന് കെന്റ് സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയുൾപ്പെടെ രണ്ട് പേർ മരിച്ചു. നിലവിൽ 11 പേർ വിവിധ ആശുപത്രികളിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും 18-നും 21-നും ഇടയിൽ പ്രായമുള്ളവരാണ്.
കാന്റർബറിയിൽ നടന്ന ഒരു സാമൂഹിക കൂട്ടായ്മയിൽ പങ്കെടുത്തവർക്കിടയിലാണ് രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്തതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇതിനെത്തുടർന്ന് കെന്റ് സർവകലാശാലയിലെ മുപ്പതിനായിരത്തോളം വരുന്ന വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) ജാഗ്രതാ നിർദ്ദേശം നൽകി.
സർവകലാശാലാ കാമ്പസിലെ നിശ്ചിത ബ്ലോക്കുകളിൽ താമസിക്കുന്നവർ അടിയന്തരമായി ആന്റിബയോട്ടിക് മരുന്നുകൾ സ്വീകരിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തലച്ചോറിനെയും സുഷുമ്നാ നാഡിയെയും പൊതിഞ്ഞിരിക്കുന്ന സംരക്ഷണ പാളികളിലുണ്ടാകുന്ന വീക്കമാണ് മെനിഞ്ചൈറ്റിസ്. ഇത് അതീവ ഗുരുതരമായ ഒരവസ്ഥയാണ്. രോഗം പടരുന്ന പശ്ചാത്തലത്തിൽ പബ്ലിക് ഹെൽത്ത് ടീമുകളുമായി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി കെന്റ് സർവകലാശാല അറിയിച്ചു. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും സർവകലാശാലാ വക്താവ് വ്യക്തമാക്കി.
സാധാരണ പനി, ജലദോഷം അല്ലെങ്കിൽ ‘ഹാങ് ഓവർ’ ലക്ഷണങ്ങളുമായി ഇതിനെ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന ശരീരതാപം, കൈകാലുകളിലെ തണുപ്പ്, ഛർദ്ദി, കടുത്ത തലവേദന, കഴുത്തിന് പിടുത്തം, വെളിച്ചത്തിലേക്ക് നോക്കാനുള്ള പ്രയാസം, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ അടിയന്തര ചികിത്സ തേടണമെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു.
മസ്തിഷ്ക ജ്വരം ആരെയും ബാധിക്കാമെങ്കിലും യുവാക്കളിലും കുട്ടികളിലുമാണ് ഇത് കൂടുതൽ അപകടകാരിയാകുന്നത്. കാന്റർബറിയിലെ മരണങ്ങൾ അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രാദേശിക എംപി റോസി ഡഫീൽഡ് പ്രതികരിച്ചു. നിലവിൽ രോഗവ്യാപനം തടയാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവിഭാഗം.
Uni student among two dead in Kent meningitis outbreak
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



