താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും വ്യാപക പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. കഫേയിൽ കോഫി ഓർഡർ ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് താൻ സുരക്ഷിതനാണെന്ന് അദ്ദേഹം ലോകത്തെ അറിയിച്ചത്. “ഞാൻ മരിച്ചത് കോഫിക്ക് വേണ്ടിയാണ്” എന്ന ഹീബ്രു ഭാഷയിലെ തമാശ കലർന്ന ശൈലി ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ മരിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഈ വീഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കി.
നെതന്യാഹുവിന്റെ മുൻപത്തെ വീഡിയോ AI നിർമ്മിതമാണെന്നും അദ്ദേഹത്തിന്റെ കൈയ്യിൽ ആറ് വിരലുകൾ കണ്ടുവെന്നുമുള്ള ആരോപണങ്ങളെ അദ്ദേഹം വീഡിയോയിൽ പരിഹസിച്ചു. ക്യാമറയ്ക്ക് മുന്നിൽ രണ്ട് കൈകളും ഉയർത്തിക്കാട്ടി, “നിങ്ങൾക്ക് എന്റെ വിരലുകൾ എണ്ണണോ? ദാ നോക്കൂ… എല്ലാം കൃത്യമാണ്” എന്ന് അദ്ദേഹം വെല്ലുവിളിച്ചു. സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ വാർത്തകൾ ചമയ്ക്കുന്നവർക്കുള്ള കൃത്യമായ മറുപടിയായിരുന്നു നെതന്യാഹുവിന്റെ ഈ നീക്കം.
ഇറാനെതിരെ ഇസ്രായേൽ ശക്തമായ ആക്രമണങ്ങൾ തുടരുകയാണെന്നും ഐഡിഎഫിനും മൊസാദിനും പൗരന്മാരുടെ പിന്തുണ കരുത്ത് നൽകുന്നുവെന്നും നെതന്യാഹു പറഞ്ഞു. ചില തന്ത്രപ്രധാനമായ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശത്രുക്കളുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിന് സാധ്യതയുള്ളതിനാൽ ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങൾക്ക് സമീപം തുടരണമെന്നും അദ്ദേഹം ഇസ്രായേൽ പൗരന്മാരോട് അഭ്യർത്ഥിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതോടെയാണ് മേഖലയിൽ യുദ്ധം രൂക്ഷമായത്. ഇതിനകം ഇറാന്റെ 15,000 ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. സംഘർഷത്തിൽ ഇതുവരെ 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നെതന്യാഹുവിനെ വധിക്കുമെന്ന് ഇറാൻ വിപ്ലവ ഗാർഡ് ഭീഷണി മുഴക്കിയ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ഇസ്രായേൽ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
‘Count my fingers’; Israeli Prime Minister responds to AI video controversy, video released!



