ഫ്രെഡറിക്ടൺ : ന്യൂ ബ്രൺസ്‌വിക്കിലെ കിങ്‌സ് ലാൻഡിംഗ് ഹിസ്റ്റോറിക്കൽ സെറ്റിൽമെന്റിൽ 1984 മുതൽ തുടരുന്ന ‘മേപ്പിൾ ദി ഫസ്റ്റ് ടേസ്റ്റ് ഓഫ് സ്പ്രിംഗ്’ ഉത്സവത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങൾ ഞായറാഴ്ച സമാപിക്കും. മാർച്ച് 15 ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. രണ്ടാം വാരാന്ത്യത്തിലെ ശനിയാഴ്ച കനത്ത മഞ്ഞുവീഴ്ചയുണ്ടായിട്ടും നിരവധി സന്ദർശകർ എത്തിയതായി അധികൃതർ വ്യക്തമാക്കി.
മേപ്പിൾ നീര് തിളപ്പിക്കുന്നതിന്റെ പ്രദർശനം, മഞ്ഞിൽ മേപ്പിൾ സിറപ്പ് മിഠായി നിർമ്മാണം, കുതിരവണ്ടി യാത്രകൾ, ചരിത്രപരമായ കെട്ടിടങ്ങളുടെ സന്ദർശനം എന്നിവയാണ് ചടങ്ങിലെ പ്രധാന ആകർഷണങ്ങൾ. ലക്സർ ഷ്രൈനേഴ്‌സ് ഓഫ് ന്യൂ ബ്രൺസ്‌വിക് സംഘടിപ്പിക്കുന്ന ചാരിറ്റി ബ്രേക്ക്ഫാസ്റ്റിലൂടെ കുട്ടികളുടെ ചികിത്സാ ചെലവുകൾക്കായി ഫണ്ട് ശേഖരണവും നടക്കുന്നുണ്ട്. ഫ്രെഡറിക്റ്റണ് പടിഞ്ഞാറ് 25 മിനിറ്റ് യാത്രാദൂരത്തിലാണ് പത്തൊൻപതാം നൂറ്റാണ്ടിലെ ഗ്രാമീണ ജീവിതം പുനരാവിഷ്കരിച്ചിരിക്കുന്ന ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
പ്രാദേശികമായ ചരിത്രാനുഭവങ്ങൾ ജനങ്ങൾ താല്പര്യത്തോടെ ഏറ്റെടുക്കുന്നതായി കിങ്‌സ് ലാൻഡിംഗ് ബിസിനസ് ഡെവലപ്‌മെന്റ് ആൻഡ് മാർക്കറ്റിംഗ് മാനേജർ മെലിസ ലാൻസിംഗ് അറിയിച്ചു. വസന്തകാലത്തിന്റെ തുടക്കത്തിന് മുന്നോടിയായി നടത്തുന്ന ഈ ഉത്സവം സമാപിച്ച ശേഷം, ജൂൺ മാസത്തോടെയാകും കിങ്‌സ് ലാൻഡിംഗ് പതിവ് സന്ദർശകർക്കായി പൂർണ്ണതോതിൽ തുറന്നുനൽകുക. മാർച്ച് 20-നാണ് ഔദ്യോഗികമായി വസന്തകാലം ആരംഭിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Another weekend with the sweetness of maple syrup; Celebrations continue until 3 pm today



