വാഷിംങ്ടൺ: ഇറാൻ സൈന്യത്തോട് ആയുധം വെച്ചു കീഴടങ്ങാൻ ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ (Kharg Island) സൈനിക കേന്ദ്രങ്ങൾ അമേരിക്ക തകർത്തതായി ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അവകാശപ്പെട്ടു. നിലവിൽ ഇവിടുത്തെ എണ്ണ ടെർമിനലുകൾ സുരക്ഷിതമാണെങ്കിലും, ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയാൻ ശ്രമിച്ചാൽ ഖാർഗിലെ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാൻ സൈന്യം ഉടനടി ആയുധങ്ങൾ ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും ഖാർഗ് ദ്വീപ് വഴിയാണ് നടക്കുന്നത് എന്നതിനാൽ, ഈ മേഖലയിലെ ആക്രമണം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെത്തന്നെ ബാധിച്ചേക്കാം. ഇറാനിൽ ഭരണമാറ്റത്തിന് വലിയ വെല്ലുവിളികൾ ഉണ്ടെന്ന് സമ്മതിക്കുമ്പോഴും, നിലവിലെ സാഹചര്യത്തിൽ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകാനാണ് അമേരിക്കയുടെ തീരുമാനം.
മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അമേരിക്ക തങ്ങളുടെ സൈനിക വിന്യാസം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധസാധ്യതകൾ ഒഴിവാക്കാൻ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ട്രംപിന്റെ പുതിയ പ്രസ്താവന മേഖലയിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. തന്ത്രപ്രധാനമായ എണ്ണ വിതരണ പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇറാന്റെ മേൽ പരമാവധി സമ്മർദ്ദം ചെലുത്താനാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Iran’s military must surrender or face dire consequences: Trump warns



