ടെഹ്‌റാൻ: പശ്ചിമേഷ്യൻ സമുദ്രമേഖലയിൽ ആശങ്കകൾ നിലനിൽക്കെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ ചരക്കുകപ്പൽ. 40,000 മെട്രിക് ടണ്ണിലധികം എൽപിജിയുമായി വന്ന ‘ശിവാലിക്’ എന്ന കപ്പലാണ് ഇറാൻ്റെ സമുദ്രാർത്തിയിലൂടെ സുരക്ഷിതമായി യാത്ര പൂർത്തിയാക്കിയത്. ഇന്ത്യൻ നാവികസേനയുടെ കനത്ത സുരക്ഷാ അകമ്പടിയോടെയായിരുന്നു കപ്പലിന്റെ നീക്കം. വരും മണിക്കൂറുകളിൽ ഇതേ പാതയിലൂടെ കൂടുതൽ കപ്പലുകൾ ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ കപ്പലുകൾക്ക് മേഖലയിൽ യാതൊരുവിധ തടസ്സങ്ങളും നേരിടേണ്ടി വരില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി വ്യക്തമാക്കി. “ഇന്ത്യ ഇറാന്റെ ഏറ്റവും വിശ്വസ്തരായ പങ്കാളികളിലൊന്നാണ്. ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായ പാതയൊരുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. ഇന്ത്യ ഞങ്ങളുടെ ഉറ്റ സുഹൃത്താണ്, വരും മണിക്കൂറുകളിൽ അതിന്റെ വ്യക്തമായ ചിത്രം ലോകത്തിന് മുന്നിലെത്തും,” – അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും ഒരേ താൽപ്പര്യങ്ങളാണ് പങ്കുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് ഇന്ത്യ നീങ്ങുന്നത്. നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെയാണ് ശിവാലിക് ഹോർമുസ് കടലിടുക്ക് പിന്നിട്ടത്. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വലിയൊരു വിഭാഗം എൽപിജി ശേഖരമാണ് ഈ കപ്പലിലുള്ളത്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ സമാനമായ രീതിയിൽ മറ്റൊരു ചരക്കുകപ്പൽ കൂടി ഈ പാതയിലൂടെ യാത്ര തുടങ്ങുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ നിർണ്ണായക സിരയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുഗമമായ യാത്ര അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സമുദ്ര സുരക്ഷയിൽ ഇന്ത്യയും ഇറാനും പുലർത്തുന്ന സഹകരണം പശ്ചിമേഷ്യയിലെ ഇന്ത്യൻ താത്പര്യങ്ങൾക്ക് കരുത്ത് പകരുന്നതാണ്. ഊർജ്ജ ഇറക്കുമതിയിൽ തടസ്സങ്ങളുണ്ടാകില്ലെന്ന ഉറപ്പിനൊപ്പം, അയൽരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിന്റെ വിജയമായി കൂടിയാണ് ഈ ചരക്കുനീക്കത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
indian-navy-escorts-lpg-ship-shivalik-hormuz
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



