വാഷിങ്ടൺ/ടെഹ്‍റാൻ: ആഗോള രാഷ്ട്രീയത്തിൽ വീണ്ടും വിറളിപടർത്തി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നു. ഇറാന്റെ വൈദ്യുതി വിതരണ ശൃംഖലകൾ ലക്ഷ്യമിടുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക്, മിഡിൽ ഈസ്റ്റിലെ മുഴുവൻ വൈദ്യുതി ഗ്രിഡുകളെയും തകർക്കുമെന്ന കടുത്ത മറുപടിയുമായി ഇറാൻ രംഗത്തെത്തി.
ഇറാൻ സംഘർഷത്തിന് മുതിർന്നാൽ ഒരു മണിക്കൂറിനുള്ളിൽ അവരുടെ വൈദ്യുതി ശേഷി പൂർണ്ണമായും തകർക്കാൻ യുഎസിന് സാധിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. “ഞങ്ങൾക്ക് അവരുടെ ഇലക്ട്രിക് കപ്പാസിറ്റി നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാക്കാം. അത് പുനർനിർമിക്കാൻ അവർക്ക് 25 വർഷം വേണ്ടിവരും. അതുകൊണ്ട് അത്തരമൊരു നടപടിയിലേക്ക് ഞങ്ങളെ പ്രേരിപ്പിക്കാതിരിക്കുന്നതാണ് അവർക്ക് നല്ലത്,” ട്രംപ് പറഞ്ഞു. യുഎസ് സൈനിക നീക്കങ്ങൾക്ക് മുന്നിൽ ഇറാൻ നിലവിൽ ദുർബലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെ ഇറാന്റെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ഇറാനെ തൊട്ടാൽ മേഖലയിലെ എല്ലാ വൈദ്യുതി ഗ്രിഡുകളെയും അര മണിക്കൂറിനുള്ളിൽ തകർക്കുമെന്നാണ് ലാരിജാനിയുടെ മുന്നറിയിപ്പ്. “സുരക്ഷ തേടി ഓടുന്ന അമേരിക്കൻ സൈനികരെ വേട്ടയാടാൻ ആ ഇരുട്ട് ഞങ്ങൾക്ക് ധാരാളം അവസരങ്ങൾ നൽകും. നിങ്ങളെക്കാൾ വലിയവർ ശ്രമിച്ചിട്ടും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. ഇല്ലാതാക്കപ്പെടാതിരിക്കാൻ നിങ്ങളെത്തന്നെ ശ്രദ്ധിക്കുക,” ലാരിജാനി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടയാൻ ശ്രമിച്ചാൽ മരണവും തീയും വിതയ്ക്കുന്ന ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നത് ഗൾഫ് മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
Iran-US Tension
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



