അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകൾ (Tariffs) സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന്, അവയ്ക്ക് പകരമായി പുതിയ നിയമനടപടികളുമായി വൈറ്റ് ഹൗസ് മുന്നോട്ട് പോകുന്നു. ബുധനാഴ്ച വാഷിംഗ്ടണിൽ നടന്ന പ്രഖ്യാപനങ്ങൾ പ്രകാരം, 1974-ലെ ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരം വിദേശ രാജ്യങ്ങളിലെ നിർമ്മാണ മേഖലകളെക്കുറിച്ച് പുതിയ വ്യാപാര അന്വേഷണം ആരംഭിച്ചു. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് മുൻപ് ഏർപ്പെടുത്തിയ തീരുവകൾ ഭരണഘടനാവിരുദ്ധമാണെന്ന ഫെബ്രുവരിയിലെ സുപ്രീം കോടതി വിധിയെ മറികടക്കാനാണ് ഈ നീക്കം. നൂറുകണക്കിന് ബില്യൺ ഡോളറിന്റെ വരുമാന നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം വ്യത്യസ്ത നിയമങ്ങൾ പ്രയോഗിക്കുന്നത്.
ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ തുടങ്ങി പതിനാറോളം രാജ്യങ്ങളാണ് ഈ പുതിയ അന്വേഷണ പരിധിയിൽ വരുന്നത്. വിദേശ കമ്പനികൾക്ക് അമേരിക്കൻ കമ്പനികളേക്കാൾ അന്യായമായ മുൻതൂക്കം നൽകുന്ന സബ്‌സിഡികൾ, തൊഴിലാളികളുടെ വേതനം അടിച്ചമർത്തൽ, അമേരിക്കയുമായുള്ള അമിതമായ വ്യാപാര ലാഭം (Trade Surplus) എന്നിവ ഭരണകൂടം പരിശോധിക്കും. ഇതിനുപുറമെ, നിർബന്ധിത തൊഴിലിലൂടെ (Forced Labor) നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ നിരോധിക്കാനും, ഡിജിറ്റൽ സേവന നികുതി, മരുന്നുകളുടെ വില തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ അന്വേഷണം നടത്താനും യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ നീക്കം ആഗോള സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. നിലവിൽ 10 ശതമാനമായി നിശ്ചയിച്ചിട്ടുള്ള ഇറക്കുമതി താരിഫ് ജൂലൈ 24-ഓടെ അവസാനിക്കുന്ന സാഹചര്യത്തിൽ, അതിനുമുമ്പ് പുതിയ താരിഫുകൾ നടപ്പിലാക്കാനുള്ള തിരക്കിലാണ് ട്രംപ് ഭരണകൂടം. ഇറാൻ യുദ്ധം, വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് തുടങ്ങിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ, ഈ വ്യാപാര യുദ്ധം ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിതെളിക്കും. മുൻപ് സുപ്രീം കോടതി റദ്ദാക്കിയ തീരുവകൾ ജനങ്ങൾക്ക് തിരികെ നൽകണമെന്ന് ഡെമോക്രാറ്റുകൾ വാദിക്കുമ്പോൾ, അമേരിക്കൻ തൊളിലാളികളെ സംരക്ഷിക്കാൻ കർശനമായ നിയമങ്ങൾ ആവശ്യമാണെന്ന നിലപാടിലാണ് ട്രംപ്.
Trump Defies Supreme Court, Renews Tariff Threat on Imports
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



